തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വങ്ങൾ. അടുത്ത പൂരത്തിന് ലേസർ അടിക്കുന്നവരെ കയ്യോടെ പിടികൂടണമെന്ന് ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. പൂരത്തിനിടെ പലയിടത്തും ലേസർ പ്രയോഗം നടത്തിയെന്ന ഗൗരവമായ പരാതി ആദ്യം ഉന്നയിച്ചത് പാറമേക്കാവ് ദേവസ്വമാണ്. ലേസർ പ്രയോഗിക്കുന്ന റീൽസുകൾ സഹിതം ഹൈക്കോടതിയെ സമീപിക്കുമെന്ന് പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി.
തിരുവമ്പാടിയുടെ രാത്രിയിലെ മഠത്തിൽ വരവിനിടെ ആന ഓടിയിരുന്നു. ഇതിന്‍റെ കാരണം ലേസര്‍ പ്രയോഗമാണോ എന്നതില്‍ ദേവസ്വത്തിന് ഉറപ്പില്ല. പക്ഷേ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് ദേവസ്വത്തിന്‍റെ നിലപാട്. ലേസര്‍ ലൈറ്റുകളുടെ സാന്നിധ്യം ആനകള്‍ക്ക് അലോസരം സൃഷ്ടിച്ചുവെന്നും പൂരപ്പറമ്പില്‍ ഇത്തരം ലൈറ്റുകള്‍ നിരോധിച്ചിട്ടും എന്തിന് ഉപയോഗിച്ചുവെന്നും ദേവസ്വം ചോദ്യമുയര്‍ത്തുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട റീല്‍സുകളില്‍ ഇത്തരം ലൈറ്റുകള്‍ കണ്ടുവെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു.
പൂര പറമ്പിൽ ലേസർ പ്രയോഗം നിരോധിച്ചിരുന്നതാണെന്നും ആനകൾക്കു നേരെ ലേസർ അടിച്ചവർക്ക് ആന എഴുന്നെള്ളിപ്പ് മുടക്കാൻ ഹർജി കൊടുത്തവരുമായി ബന്ധമുണ്ടെന്ന സംശയവും പാറമേക്കാവ് ദേവസ്വം പങ്കുവയ്ക്കുന്നു. ആന വിരണ്ടോടിയാല്‍ അത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനുള്ള നീക്കമായിരുന്നു ഇതാണെന്നാണ് സംശയമെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ പറയുന്നു.