എ.ജയതിലക് രണ്ടാം വട്ടം കലക്ടറായി കോഴിക്കോട്ടെത്തിയപ്പോള്‍ തുടങ്ങിയതാണ് എന്‍.പ്രശാന്തുമായുള്ള ബന്ധം.2006ല്‍ കലക്ടറായി എത്തിയ ജയതിലക് നാല് മാസമേ പദവിയിലുണ്ടായിരുന്നുള്ളു. അതിനുശേഷം 2007 ഏപ്രിലില്‍ വീണ്ടും കലക്ടറായി എത്തുമ്പോഴാണ് ട്രെയിനിങ്ങിനായി 2007 ഐ.എ.എസ് ബാച്ചുകാരനായ എന്‍. പ്രശാന്ത് കോഴിക്കോട്ടെത്തുന്നത്.
മിടുക്കനായ ഐ.എ.എസ് ട്രെയിനിയെന്നായിരുന്നു ജയതിലകിന്‍റെ സാക്ഷ്യം. ജയതിലക് ഔദ്യോഗിക ജീവിതത്തില്‍ കടന്നുപോയ വഴികളിലെല്ലാം യാദൃശ്ചികമായി താനും എത്തിയെന്നാണ് പിന്നീട് അടുപ്പക്കാരോട് എന്‍.പ്രശാന്ത് പറഞ്ഞത്. കോഴിക്കോട് കലക്ടര്‍, കെ.ടി.ഡി.സി എം.ഡി എന്നിവ ഉദാഹരണങ്ങള്‍. തന്‍റെ മെന്‍ററും ഗുരുവുമെന്നാണ് ജയതിലകിനെ എന്‍.പ്രശാന്ത് വിശേഷിപ്പിച്ചത്.
സൗഹൃദത്തില്‍ വിള്ളല്‍ വീഴുന്നത് പട്ടികജാതി വികസന വകുപ്പില്‍ ഇരുവരും എത്തുമ്പോഴാണ്. ജയതിലക് അഡീഷണല്‍ ചീഫ് സെക്രട്ടറിയും എന്‍.പ്രശാന്ത് സ്പെഷ്യല്‍ സെക്രട്ടറിയുമായിരുന്നു. ഇരുന്ന പദവികളിലെല്ലാം വിവാദങ്ങളിലൂടെയും പ്രവൃത്തിയിലൂടെയും പ്രശാന്ത് ടച്ച് കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് കലക്ടറായിരിക്കെയുള്ള കലക്ടര്‍ ബ്രോ ഏറ്റവും പ്രധാനം. എം.പിയായ എം.കെ.രാഘവനുമായി നേര്‍ക്ക് നേര്‍ ആയിരുന്നു പോരാട്ടം.മാപ്പ് പറയണമെന്ന് മുറവിളിയുയര്‍ന്നപ്പോള്‍ സിനിമാ ഡയലോഗ് പങ്കുവെച്ച് കുന്നംകുളം മാപ്പെന്നു ഫെയ്സ് ബുക്ക് പോസ്റ്റിട്ടു.
ഇന്ന് ജയതിലകിനെതിരെയുള്ള പോരാട്ടത്തിനൊടുവില്‍ കളപറിക്കല്‍ യന്ത്രത്തിന്‍റെ ചിത്രം പങ്കുവെച്ചാണ് വെല്ലുവിളിയെന്ന മാറ്റം മാത്രമേയുള്ളു. ഉടക്കിയാല്‍ ഏതറ്റം വരെയും പോകുന്നതാണ് പ്രകൃതം.ഐ.എ.എസ് ചട്ടക്കൂടില്‍ നില്‍ക്കാത്തയാളെന്നാണ് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗോള്‍ഡ് മെഡലോടുകൂടിയായിരുന്നു നിയമബിരുദം.ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എം.ഡിയായിരിക്കെ ഒപ്പിട്ട ആഴക്കടല്‍ ട്രോളറുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലെ അന്വേഷണത്തില്‍ തട്ടി ഒരു സ്ഥാനക്കയറ്റം നിലവില്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.മൂന്നു വര്‍ഷം ജൂനിയറായവര്‍ സെക്രട്ടറിയായപ്പോഴും അദ്ദേഹം ഇപ്പോഴും സ്പെഷ്യല്‍ സെക്രട്ടറിയായി തുടരുകയാണ്.
1991 ബാച്ച് ഉദ്യോഗസ്ഥനായ എ.ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകാന്‍ സാധ്യതയേറെയാണ്. 2026 ജൂണ്‍ വരെയാണ് സര്‍വീസ് കാലാവധി. 2007 ബാച്ചുകാരനായ എന്‍.പ്രശാന്തിനു 2039 വരെ സര്‍വീസ് കാലാവധിയുണ്ട്. നിലവിലെ രീതിയില്‍ ചീഫ് സെക്രട്ടറി റാങ്കിലേക്ക് വരെ എത്താന്‍ പ്രശാന്തിനും കഴിഞ്ഞേക്കും.