ക്രമക്കേടുകള്‍ പെരുകിയതോടെ ബവ്റിജസ് കോര്‍പറേഷനില്‍ പുതിയ വിജിലന്‍സ് സംവിധാനം രുപീകരിക്കാന്‍ സര്‍ക്കാര്‍. കെ.എസ്.ഇ.ബി, സഹകരണ വകുപ്പ്, ദേവസ്വം ബോര്‍ഡ് തുടങ്ങിയവയുടെ മാതൃകയിലായിരിക്കും സംവിധാനം. നികുതി വകുപ്പ് നിര്‍ദേശം ബവ്റിജസ് കോര്‍പറേഷനെ അറിയിച്ചു.
വര്‍ഷങ്ങളായി തുടരുന്ന വിജിലന്‍സ് സംവിധാനം പോരെന്നാണ് നികുതി വകുപ്പിന്‍റെ അഭിപ്രായം. അതുകൊണ്ടു തന്നെ നിലവിലെ രീതി പൊളിക്കാനാണ് തീരുമാനം. ഇക്കാര്യം ബവ്റിജസ് കോര്‍പറേഷനെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി, സഹകരണ വകുപ്പ്, ദേവസ്വം ബോര്‍ഡ് തുടങ്ങിയവയുടെ മാതൃകയില്‍ എസ്.പി റാങ്കിലുള്ള ഉദ്യെഗസ്ഥനായിരിക്കും വിജിലന്‍സ് വിഭാഗം കൈകാര്യം ചെയ്യുക. സി.ഐ, എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരും ടീമിലുണ്ടാകും. ബവ്റിജസ് കോര്‍പറേഷനിലേതാണെങ്കിലും സ്വതന്ത്രസംവിധാനമായിട്ടായിരിക്കും വിജിലന്‍സ് സംവിധാനം പ്രവര്‍ത്തിക്കുക. നിലവില്‍ ബവ്റിജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് വിജിലന്‍സ് വിങ്ങിലുമുള്ളത്. ക്രമക്കേടുകള്‍ ഉയര്‍ന്നാല്‍ പരിശോധയ്ക്കെത്തുന്ന ഉദ്യോഗസ്ഥരുടെ അന്വേഷണം നീതി പൂര്‍വകമാകുന്നില്ലെന്നത് പലപ്പോഴും പരാതിയായി ഉയര്‍ന്നിരുന്നു. ഓഡിറ്റു വിഭാഗത്തിലുള്ളവര്‍ വിജിലന്‍സില്‍ അധിക ചുമതലയാണ് എടുക്കുന്നത്. സഹപ്രവര്‍ത്തകര്‍ കേസില്‍ പെട്ടാല്‍ പലപ്പോഴും രക്ഷയൊരുക്കുന്നെന്ന ആക്ഷേപവുമുണ്ട്. ഔട്ട്ലെറ്റിലെത്തിയ ഉപഭോക്താക്കളില്‍ നിന്നും അധിക വിലയീടാക്കാന്‍ ശ്രമിച്ച രണ്ടു ജീവനക്കാരെ കഴിഞ്ഞ ദിവസവും സസ്പെന്‍ഡ് ചെയ്തിരുന്നു.