കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മര്‍ദിച്ചിരുന്നോയെന്ന് അന്വേഷിക്കാന്‍ പൊലീസ്. കുട്ടിയുടെ മൊഴിയെടുത്ത ശേഷമേ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കൂവെന്നും തിരുവനന്തപുരം ഡി.സി.പി ഭരത് റെഡ്ഡി പറഞ്ഞു. നിലവില്‍ ചൈല്‍ഡ് ലൈനിന്‍റെ സംരക്ഷണയിലുള്ള കുട്ടിയെ നാളെ ഉച്ചയോടെ കേരള പൊലീസ് ഏറ്റെടുക്കും.
50 രൂപയുമായി വീട്ടില്‍ നിന്നിറങ്ങിയ പതിമൂന്നുകാരി 36 മണിക്കൂറുകൊണ്ട് ഒറ്റക്ക് സഞ്ചരിച്ചത് മൂന്ന് സംസ്ഥാനങ്ങളിലൂടെ 1650 കിലോമീറ്റര്‍. ഒടുവില്‍ വിശാഖപട്ടണത്തെ മലയാളി അസോസിയേഷനാണ് ട്രയിന്‍ തടഞ്ഞ് ഇന്നലെ രാത്രി 9 മണിയോടെ കുട്ടിയെ കണ്ടെത്തുന്നത്. ഒറ്റക്കുള്ള കുട്ടിയുടെ യാത്ര മനസിലാക്കിയ ഒരു സംഘം അവളെ കൈക്കലാക്കാന്‍ ശ്രമിച്ചിരുന്നെന്ന സൂചനയാണ് അസോസിയേഷന്‍ പറയുന്നത്. ട്രയിനില്‍ നിന്ന് തസ്മീത്തിനെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ആ സംഘം തടയാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ സമയം വൈകിയിരുന്നെങ്കില്‍ ഉണ്ടാകാമായിരുന്ന അപകടത്തിലേക്ക് വിരല്‍ചൂണ്ടുന്നു.
അമ്മയോടുള്ള പിണക്കമൊക്കെ മാറിയ കുഞ്ഞ് തസ്മീത് ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്‍റെ ഷെല്‍റ്റര്‍ ഹോമില്‍ ഭക്ഷണമൊക്കെ കഴിച്ച് മിടുക്കിയായി. എന്താവശ്യത്തിനും അവിടത്തെ മലയാളികളുടെ കാവലും കരുതലുമുണ്ട്. തസ്മീതിനെ മാതാപിതാക്കളുടെ അരികിലേക്കെത്തിക്കാനായി നാലംഗ പൊലീസ് സംഘം ട്രയിനില്‍ പുറപ്പെട്ടു. ശനിയാഴ്ച വൈകിട്ടോ ഞായറാഴ്ച രാവിലെയോ തിരികെയെത്തും. എന്നാല്‍ അടിച്ചതുകൊണ്ടാണ് വീടുവിട്ടുപോയതെന്ന കുട്ടിയുടെ വാക്കും സ്ഥിരമായി അടിക്കാറുണ്ടായിരുന്നെന്ന അയല്‍വാസികളുടെ മൊഴിയും പൊലീസ് ഗൗരവമായി എടുക്കും. മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനൊപ്പം തസ്മീതിന്റെ മൊഴിയെടുത്ത് ആഗ്രഹവും കൂടി പരിഗണിച്ച ശേഷമേ വീട്ടിലേക്ക് കൈമാറു.