കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ നാളെ രാത്രിയോടെ തിരുവനന്തപുരത്തെത്തിക്കും. വിശാഖപട്ടണത്ത് C.W.C സംരക്ഷണിയിലായിരുന്ന കുട്ടിയെ പൊലീസ് ഏറ്റെടുത്തു. കുട്ടിയെ രക്ഷിച്ച മലയാളികളുടെ പരിശ്രമത്തില്‍ ശിശുക്ഷേമ സമിതി അഭിനന്ദനം അറിയിച്ചു.

അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയ പതിമൂന്നുകാരി വീണ്ടും വീട്ടിലേക്ക്. അവളെ കാത്തിരിക്കുന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അരികിലേക്ക് നാളെ രാത്രിയോടെയെത്തും.

വിശാഖപട്ടണത്ത് എത്തിയ കഴക്കൂട്ടം എസ്.ഐയുടെ നേതൃത്വത്തിലെ സംഘം ഇന്ന് രാവിലെ കുട്ടിയെ ഏറ്റെടുത്തു. CWCയുടെ സംരക്ഷണയിലായിരുന്നു കുട്ടി. ഉച്ചയ്ക്ക് 12 മണിയോടെ യാത്ര തിരിച്ച പൊലീസ് സംഘം നാളെ രാത്രി 10 മണിയോടെയാവും തിരുവനന്തപുരത്ത് മടങ്ങിയെത്തുക.

ചൊവ്വാഴ്ച വീട്ടില്‍ നിന്നിറങ്ങി ട്രയിനില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ വിശാഖപട്ടണത്തെ മലയാളി അസോസിയേഷനിലെ അംഗങ്ങളാണ് ട്രയിനില്‍ കയറി പരിശോധിച്ച് കണ്ടെത്തിയത്. മലയാളികളുടെ ഇടപെടലില്‍ അഭിനന്ദനപ്രവാഹം തുടരുകയാണ്.

കുട്ടിയെ തിരുവനന്തപുരത്തെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദേശപ്രകാരം കൗണ്‍സിലിങും നല്‍കിയ ശേഷമായിരിക്കും മാതാപിതാക്കള്‍ക്ക് കൈമാറുന്നതിലടക്കം അന്തിമതീരുമാനമെടുക്കുക. അമ്മ അടിച്ചതില്‍ പിണങ്ങിയായിരുന്നു പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയത്. വീട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ മനംമാറ്റമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ENGLISH SUMMARY:

The girl who went missing from Kazhakootam will be brought to Thiruvananthapuram by tomorrow night