sasidharan-ips

TOPICS COVERED

പി.വി.അന്‍വര്‍ എം.എല്‍.എ പരസ്യമായി അധിക്ഷേപിച്ച മലപ്പുറം എസ്.പി എസ്.ശശിധരന്‍ കേരളപൊലീസിലെ മിടുമിടുക്കനായ ഉദ്യോഗസ്ഥന്‍. എണ്ണം പറഞ്ഞ കുറ്റാന്വേഷണവിദഗ്ധനായ ശശിധരന്‍റെ മിടുക്കിലാണ് ഇലന്തൂര്‍ നരബലിയുടെ ചുരുളഴിഞ്ഞത്. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിയുടെ വധം ഉള്‍പ്പടെ നിരവധി കേസുകളുടെ അന്വേഷണത്തില്‍ ശശിധരന്‍റെ ജാഗ്രതയും സൂക്ഷ്മതയുമാണ് നിര്‍ണാകമായത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബാ‍ഡ്ജ് ഓഫ് ഓണര്‍ ബഹുമതി നേടിയ മിടുക്കനായ പൊലീസ് ഉദ്യോഗസ്ഥനെയാണ് തന്‍റെ പാര്‍ക്കില്‍ നിന്ന് മോഷണം പോയ കേബിള്‍ കണ്ടെത്തിയില്ലെന്നു പറഞ്ഞ് അന്‍വര്‍ പൊതുവേദയില്‍ ചവുട്ടിത്തേച്ചത്. 

പി.വി. അന്‍വറിന്‍റെ കണ്ണിലെ കരടായ എസ്. ശശിധരന്‍ ഐപിഎസ് വാക്കുകള്‍കൊണ്ട് അമ്മാനമാടിയല്ല പൊലീസ് സേനയിലെ മിന്നും താരമായത്. പൊലീസ് കുപ്പായത്തോടുള്ള കൂറും കുറ്റാന്വേഷണത്തിലെ മികവുമാണ് കൈമുതല്‍. എല്‍പി സ്കൂള്‍ അധ്യാപകനായ വടക്കഞ്ചേരി കണ്ണമ്പ്ര സ്വദേശി ശശിധരന്‍ പൊലീസാകുന്നത് 1995ല്‍. കൊല്ലം അഞ്ചാലമൂട് സബ് ഇന്‍സ്പെക്ടറായിട്ടായിരുന്നു തുടക്കം. 2002ല്‍ സിഐയായും 2008ല്‍ സിവൈഎസ്പിയായും സ്ഥാനക്കയറ്റം. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ ജോലിചെയ്ത ശശിധരന്‍ കുഴല്‍പ്പണം, വ്യാജ മദ്യ, ലഹരിമാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. സംസ്ഥാനത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ നിലമ്പൂർ രാധാ വധക്കേസിലും നരബലി കേസുകളിലും തുമ്പുണ്ടാക്കിയത് ശശിധരനാണ്. എറണാകുളത്ത് ലോട്ടറി വില്‍പനക്കാരി പത്മയുടെ തിരോധാനക്കേസാണ് ഇലന്തൂര്‍ നരബലിക്കേസായി പരിണമിച്ചത്. 

കൊച്ചി ഡിസിപിയായിരുന്ന എസ്. ശശിധരന് തോന്നിയ സംശയങ്ങളാണ് കേസിന്‍റെ ചുരുളഴിച്ചത്. നഗരത്തിലെ സിസിടിവികളില്‍ ഒന്നില്‍ നിന്ന് ലഭിച്ച മുഖ്യപ്രതി ഷാഫിയുടെ കാറിന്‍റെ ദൃശ്യത്തെ പിന്തുടര്‍ന്നായിരുന്നു അന്വേഷണം. ഭഗവല്‍സിങ്, ഭാര്യ ലൈലയടക്കം കേസിലെ മൂന്ന് പ്രതികളെയും പൂട്ടിയ അന്വേഷണമികവിന് 2024ല്‍ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയും ശശിധരനെ തേടിയെത്തി. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പിച്ചത് ശശിധരന്‍റെ നേതൃത്വത്തില്‍ സമാഹരിച്ച ശാസ്ത്രീയ തെളിവുകളാണ്. 

2015ല്‍ സ്‌തുത്യർഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ, 2019ല്‍ കേസന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരം എന്നിവ. 29 വര്‍ഷത്തെ ഔദ്യോഗിക ജീവിത്തില്‍ ശശിധരനെ തേടിയെത്തിയത് 74 മികച്ച സര്‍വീസ് എന്‍ട്രിയും ആറ് കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റുകളും. 

ENGLISH SUMMARY:

Malappuram SP Sasidharan is a brilliant officer of Kerala Police