നിലമ്പൂരിലെ വിജയം കൂട്ടായ്മയുടേതെന്ന് ചെന്നിത്തല. എല്ലാ നേതാക്കളും ഒരേ മനസോടെ പ്രവര്‍ത്തിച്ചു. 2026 നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങിയെന്നും തദ്ദേശതിരഞ്ഞെടുപ്പില്‍ 2010ലെ വിജയം ആവര്‍ത്തിക്കുമെന്നും ചെന്നിത്തല മനോരമ ന്യൂസിനോട് പറഞ്ഞു.
അന്‍വര്‍ വിഷയം യു.ഡി.എഫ് കൂട്ടായി തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. അന്‍വര്‍ ഒപ്പം ഉണ്ടായിരുന്നെങ്കില്‍ കുറച്ചുകൂടി നല്ലവിജയം നേടുമായിരുന്നു. സിപിഎമ്മിനെതിരെ നിലപാടുള്ളവരെ യുഡിഎഫ് സ്വീകരിക്കാറുണ്ട്. യുഡിഎഫ് വിട്ടുപോയവരാണ് തിരിച്ചുവരണോ എന്ന് തീരുമാനിക്കേണ്ടതെന്നും രമേശ് ചെന്നിത്തല മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ അഹങ്കരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ക്യാപ്റ്റന്‍ എന്നതടക്കം വിശേഷണങ്ങളില്‍ വീഴാനില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കഠിനാധ്വാനം ചെയ്താല്‍ വിജയം ഉറപ്പാണ്. സര്‍ക്കാരിനെതിരെ അതിശക്തമായ വെറുപ്പ് ജനങ്ങളിലുണ്ട്. നിലമ്പൂരില്‍ ഒരു പ്ലാന്‍ ഉണ്ടായിരുന്നു, അത് നടപ്പാക്കി. അതുപോലൊരു പ്ലാന്‍ കേരളത്തിനുവേണ്ടിയുമുണ്ടെന്നും വി.ഡി.സതീശന്‍ പറഞ്ഞു.