supplyco

TOPICS COVERED

സബ്സിഡി ഇനങ്ങളായ മുളകിന്റെയും  വെളിച്ചെണ്ണയുടെയും വിലകുറച്ച്  സപ്ലൈകോ. അരക്കിലോ മുളകിന്റെ വില 86 രൂപയിൽ നിന്നും 78 രൂപയായും ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 152ൽ നിന്ന് 142 രൂപയായും പുതുക്കി നിശ്ചയിച്ചു. പുതിയ വില ഇന്നുമുതൽ നിലവിൽ വന്നു.  

 പൊതുവിപണിയിൽ മുളകിന്റെയും വെളിച്ചെണ്ണയുടെയും വില കുറഞ്ഞതിനെ തുടർന്നാണ് സപ്ലൈകോയുടെ ആശ്വാസ നടപടി.  സപ്ലൈകോ വില്പനശാലകളിൽ ആവശ്യത്തിലധികം  മുളക് നിലവിൽ സ്റ്റോക്കുണ്ട്. വിറ്റു പോയില്ലെങ്കിൽ മഴക്കാലത്ത് ഇവ കേടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതു മുന്നിൽകണ്ടാണ്, വില പുതുക്കി നിശ്ചയിച്ചത്. അരക്കിലോ 86 രൂപ നിരക്കിൽ ലഭിച്ചിരുന്ന മുളകിന് ഇനി 78 രൂപ കൊടുത്താൽ മതി. വെളിച്ചെണ്ണ ഒരു ലിറ്ററിന് 142 രൂപയായും പുതുക്കി നിശ്ചയിച്ചു. 152 രൂപയായിരുന്നു മുൻപത്തെ വില. അഞ്ചു ശതമാനം ജിഎസ്ടി ഉൾപ്പെടെയുള്ള വിലയാണിത്. 

ഈ മാസം  അവസാനത്തോട് കൂടി പഞ്ചസാരയുടെ ലഭ്യതയും ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് സപ്ലൈകോ. കഴിഞ്ഞ ഓണത്തിന്  ശേഷം വില്പനശാലകളിൽ പഞ്ചസാര എത്തിയിട്ടേയില്ല.  പഞ്ചസാര വിതരണം ചെയ്ത വകയിൽ 200 കോടിയോളം രൂപ  കരാറുകാർക്ക് നൽകാനുണ്ടെങ്കിലും പഞ്ചസാര വില്പനശാലകളിൽ എത്തിക്കാൻ ആകും എന്നാണ് സപ്ലൈകോയുടെ പ്രതീക്ഷ.  കാലിയായ  റംസാൻ-വിഷു- ഈസ്റ്റർ ചന്തകൾ നടത്തി ഏറെ പഴി കേട്ട സപ്ലൈകോയുടെ മുഖം രക്ഷിക്കൽ നടപടി കൂടിയാണിത്. ഫെബ്രുവരിയിൽ 13 അവശ്യസാധനങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചതിനെതിരെ  വലിയ വിമർശനവും ഉയർന്നിരുന്നു. 

ENGLISH SUMMARY:

Supplyco reduces price for subsidy items