maveli-store-anil-vishnu

"വാമന സ്റ്റോർ കൊണ്ടുവന്ന് മാവേലിയെ ചവിട്ടിത്താഴ്ത്തിയവരല്ലേ നിങ്ങൾ"- വിലക്കയറ്റത്തിന്മേലുള്ള അടിയന്തപ്രമേയ ചർച്ച അവസാനിക്കുമ്പോൾ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ യുഡി.എഫ് അംഗങ്ങൾക്ക് നേരെ നോക്കി നടത്തിയ ഈ പ്രസ്താവനയെ പ്രതിപക്ഷ നിരയിൽ നിന്ന് ചോദ്യം ചെയ്തത് പി.സി.വിഷ്ണുനാഥാണ്. എവിടെയാണ് യുഡിഎഫ് വാമന സ്റ്റോർ കൊണ്ടുവന്നതെന്ന് മന്ത്രി പറയണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ലീഡർ കെ.കരുണാകരന്റെ ഭരണകാലത്താണെന്നും വിഷ്ണുനാഥിന് പ്രായം കുറവല്ലേയെന്നും മന്ത്രി അനിൽ വീണ്ടും മറുപടി നൽകിയതോടെ ചർച്ച അവസാനിച്ചു. 

maveli-store-03

സത്യത്തിൽ മാവേലി സ്റ്റോറിനെ കുഴിച്ചുമൂടാൻ യുഡിഎഫ് ഭരണകാലത്ത് വാമന സ്റ്റോർ തുടങ്ങിയിരുന്നോ? 140 വർഷത്തിലേക്ക് അടുക്കുന്ന മലയാള മനോരമയുടെ പഴയ താളുകൾ തപ്പിയാൽ കിട്ടാത്തതൊന്നും ഇല്ലല്ലോ. അന്വേഷിച്ചു.. കണ്ടെത്തി. വാമന സ്റ്റോർ എന്നൊന്ന് ഉണ്ടായിരുന്നു. 

1981ലെ നായനാർ സർക്കാർ കാലത്ത് ഇ.ചന്ദ്രശേഖരൻ നായർ ഭക്ഷ്യമന്ത്രിയായിരിക്കെയാണ് മാവേലി സ്റ്റോർ തുടങ്ങുന്നത്. സർക്കാരിന്റെ മാവോലി സ്റ്റോറുകൾ വൻ വിജയമായപ്പോൾ ചെറുകിട വ്യാപാരികളും കച്ചവടക്കാരും ആശങ്കപ്പെട്ടു. സർക്കാരിന്റെ മാവേലി കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഒരു സംരംഭം തുടങ്ങി. മാവേലിക്ക് ബദലായതുകൊണ്ടാം, പേര് അന്വേഷിച്ച് അവർ അധികം മെനക്കെട്ടില്ല. വാമന സ്റ്റോർ. തൃശൂർ, കോഴിക്കോട് ഭാഗങ്ങളിൽ അക്കാലത്ത് വാമന സ്റ്റോറുകൾ തുറന്നു. 

maveli-store-02

ഒന്നര വർഷം മാത്രം നീണ്ട നായനാർ സർക്കാർ അധികാരം നഷ്ടപ്പെട്ട് 1982ൽ കെ.കരുണാകരൻ സർക്കാർ അധികാരത്തിലെത്തിയ ശേഷവും മാവേലി സ്റ്റോറുകൾക്ക് കോട്ടം തട്ടിയില്ല. അന്ന് ഭക്ഷ്യമന്ത്രിയായിരുന്ന യു.എ. ബീരാൻ പലയിടത്തും മാവേലി സ്റ്റോറുകൾ ഉദ്ഘാടനം ചെയ്തു. അതിന്റെ ചിത്രങ്ങളും മനോരമയുടെ ആർക്വൈസിൽ ഉണ്ട്. 

എന്നാൽ, കരുണാകരൻ സർക്കാർ മാവേലി സ്റ്റോറുകളെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന ആരോപണം സി.പി.എം ഉയർത്തി. അന്ന് സി.പി.എം ജനറൽസെക്രട്ടറിയായിരുന്ന മുൻ മുഖ്യമന്ത്രികൂടിയായ ഇ.എം.എസ് വാമന സ്റ്റോറിനെതിരെ ഒരു പ്രസ്താവന ഇറക്കി. ഇ.എം.എസ് അതിൽ ഇങ്ങനെ പറഞ്ഞു- "കൊള്ളക്കച്ചവടക്കാരും കരിഞ്ചന്തക്കാരും കള്ള രാഷ്ട്രീയക്കാരും തുടങ്ങിയവച്ചതാണ് തൂശൂരിലെ വാമന സ്റ്റോറുകൾ."

maveli-store-01

ഇ.എം.എസിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് പറഞ്ഞുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽസെക്രട്ടറി എം.ഒ. ജോൺ അന്ന് തിരിച്ചടിച്ചിരുന്നു. കേരളത്തിലെ 18 ലക്ഷത്തിലധികം വരുന്ന വ്യാപാര സമൂഹത്തിന്റെ വികാരം ഇ.എം.എസ് വ്രണപ്പെടുത്തിയെന്നും ജോൺ പറഞ്ഞു.

മാവേലി സ്റ്റോറുകളിലേതിനേക്കാൾ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ഭക്ഷ്യസാധനങ്ങൾ നൽകാനാണ് വാമന സ്റ്റോറുകൾ തുടങ്ങിയതെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നത്. എന്നാൽ, സാധനങ്ങൾ വാങ്ങാൻ വന്ന ഉപഭോക്താക്കളെ പലയിടത്തും സി.ഐ.ടി.യുക്കാരും എ.ഐ.ടി.യു.സിക്കാരും വിരട്ടി ഓടിച്ചെന്നും വാമന സ്റ്റോറുകളുടെ പ്രവർത്തനം സ്തംഭിച്ചെന്നും ഏകോപന സമിതി ആരോപിച്ചിരുന്നു.

ചുരുക്കത്തിൽ ചരിത്രം ഇതാണ്. മാവേലി സ്റ്റോറിന് ബദലായി കേരളത്തിൽ വാമന സ്റ്റോർ ഉണ്ടായിരുന്നു. പക്ഷേ, മന്ത്രി പറഞ്ഞത് പോലെ കരുണാകരന്റെ ഭരണകാലത്തല്ല, മറിച്ച് മാവേലി സ്റ്റോറിന് ഇടതുസർക്കാർ തുടക്കമിട്ട 1981ൽ തന്നെയാണ് വാമന സ്റ്റോറും വരുന്നത്. മന്ത്രി പറഞ്ഞ പോലെ യുഡിഎഫ് സർക്കാർ തുടങ്ങിയതുമല്ല, മാവേലിയെ നേരിടാൻ വാമനെ ഇറക്കിയത് വ്യാപാരി വ്യവസായി ഏകോപന സമിതിയാണ്.