സിഎംആര്‍എല്‍ എക്സാലോജിക് ദുരൂഹ ഇടപാടിൽ കെ.എസ്.ഐ.ഡി.സിക്കെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഇടപാടിൽ പങ്കില്ലെന്ന് പറഞ്ഞ് മാറിനിൽക്കാൻ കെഎസ്ഐഡിസിക്ക് ആവില്ല. ഒന്നും ഒളിച്ചു വയ്ക്കരുത് എന്നും കെ.എസ്.ഐ.ഡി.സിക്ക് കോടതി നിർദേശം നൽകി.
സിഎംആര്‍എല്‍ എക്സാലോജിക് ദുരൂഹ ഇടപാടിൽ എസ്.എഫ്.ഐ.ഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെ.എസ്.ഐ.ഡി.സിയുടെ ഹർജിയിൽ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്ന നിലപാടാണ് കോടതി ഇന്നും സ്വീകരിച്ചത്. ഇടപാടിൽ പങ്കില്ലെന്ന് പറഞ്ഞ് മാറിനിൽക്കാൻ കെഎസ്ഐഡിസിക്ക് ആവില്ല. ഒന്നും ഒളിച്ചു വയ്ക്കരുത് എന്നും കെ.എസ്.ഐ.ഡി.സിക്ക് കോടതി നിർദേശം നൽകി. കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
സിഎംആര്‍എല്‍–ൽ കെ.എസ്.ഐ.ഡി.സി ഡയറക്ടറെ വെക്കുകയും, സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്യുമ്പോൾ എന്തുകൊണ്ട് അന്വേഷണം നടത്തിക്കൂടെന്ന് കേന്ദ്രസർക്കാർ ചോദിച്ചു. കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. സിഎംആര്‍എല്‍, കെഎസ്ഐഡിസി, എക്സാലോജിക് എന്നീ മൂന്നുകമ്പനികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നതെന്നും, കെഎസ്ഐഡിസിക്ക് മാറി നിൽക്കാൻ ആവില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. സി.എം.ആര്‍.എല്ലിൻ്റെ സംശയകരമായ ഇടപാടുകള്‍ സംബന്ധിച്ച് കെ.എസ്.ഐ.ഡി.സി ജാഗ്രത പുലര്‍ത്തിയില്ലെന്ന് കോര്‍പറേറ്റ് മന്ത്രാലയം സത്യവാങ്മൂലം നല്‍കിയിരുന്നു. ഹർജി ഏപ്രിൽ 5 ന് കോടതി വീണ്ടും പരിഗണിക്കും.