sadanam-balakrishnan

കഥകളിയുടെ ഈറ്റില്ലങ്ങളില്‍ ഒന്നായ സദനത്തിന്റെ മേല്‍വിലാസത്തിലേക്ക് വീണ്ടുമൊരിക്കല്‍ കൂടി പത്മശ്രീ പുരസ്കാരം പടികടന്നെത്തുന്നു.... സദനം ബാലകൃഷണനെന്ന കഥകളി ആചാര്യനിലൂടെ. മറ്റു കലാരൂപങ്ങളില്‍ നിന്ന് സ്വാംശീകരിച്ച ശൈലികള്‍ കഥകളിയിലേക്ക് സമന്വയിപ്പിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തിയ കലാകാരനാണ് ബാലകൃഷ്ണന്‍.

ഗാന്ധി സേവാസദനം കഥകളി കേന്ദ്രത്തില്‍ മെയ്യുറപ്പടവുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ കീഴ്പടം കുമാരന്‍ നായരാശാന്‍ ഒന്നുറപ്പിച്ചു. കൊച്ചു ബാലകൃഷ്ണന്‍ തന്നേക്കാള്‍ പേരെടുക്കുന്ന വേഷക്കാരനാവും. ചുഴിപ്പിലും മുദ്രകളിലും കലാശങ്ങളുടെ മുഴുമിപ്പിക്കലും അത്രത്തോളം കൃത്യതയുള്ളതായിരുന്നു. കീഴ്പടത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ശിഷ്യന്‍ സദനം ബാലകൃഷ്ണന്‍ കഥകളി ശ്വസിച്ച് കഥകളി ആചരിച്ച് ആ കലാരൂപത്തിന്റെ മുഖമായി ജീവിച്ചു . ആ ധന്യാത്മന് ഇപ്പോള്‍ രാജ്യത്തെ പരമോന്നത പദവികളിലൊന്ന് സമ്മാനിച്ചിരിക്കുന്നു. കല്ലുവഴിചിട്ടയില്‍ മാത്രമായി തന്റെ ശൈലിയെ ഒതുക്കി നിര്‍ത്തിയില്ല ബാലകൃഷ്ണന്‍. സദനത്തിലെ പഠനകാലശേഷം ഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളിയില്‍ എത്തിയശേഷം കഥകളിക്ക് പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ ദ്ദേഹം പ്രവര്‍ത്തിച്ചു. തന്റെ ഗുരുവിനെപ്പോലെ തന്നെ ഭരതനാട്യത്തില്‍ നിന്നും മോഹിനിയാട്ടത്തില്‍ നിന്നുമൊക്കെ അദ്ദേഹം ശൈലികള്‍ കഥകളിയിലേ ആട്ടത്തിലേക്കും കലാശങ്ങളിലേക്കും സമന്വയിപ്പിച്ചു. കല്ലുവഴിയും, വടക്കന്‍ ചിട്ടയായ കല്ലടിക്കോടനും ഒരേപോലെ കൊണ്ടുനടന്നു. ചിട്ടപ്രധാനമായതും, ഹനുമാന്‍, കത്തി വേഷങ്ങളുമായിരുന്നു ഏറെ പ്രിയം. ഷേക്സ്പിയര്‍ അടക്കം നിരവധി പരീക്ഷണങ്ങള്‍ കൈപൊള്ളാതെ കഥകളിയില്‍ അദ്ദേഹം അവതരിപ്പിച്ചു. ഏകദേശം 35ഒാളം രാജ്യങ്ങളില്‍ സഞ്ചരിച്ച് കഥകളിയുടെ വേഷപ്പെരുമ പ്രചരിപ്പിച്ചു അദ്ദേഹം. അല്‍പം വൈകിയെങ്കിലും അര്‍ഹിക്കുന്ന കരങ്ങളില്‍ത്തന്നെ പത്മശ്രീ ചായില്യം ചാര്‍ത്തുന്നു.