supplyco-prizehike

സപ്ലൈകോയിലെ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടുന്നത് പഠിക്കാന്‍ നിയോഗിച്ച സമിതി അടുത്തയാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. എത്ര ശതമാനം വരെ വില കൂട്ടണമെന്നതില്‍ അടുത്തയാഴ്ച ചേരുന്ന അന്തിമ യോഗത്തില്‍ സമിതി തീരുമാനമെടുക്കും.  കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ സബ്സിഡി വിലക്ക് നല്‍കുന്നതിനുളള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടാകും.

സപ്ലൈകോ സബ്സിഡി വിലക്ക് നല്‍കുന്ന പതിമൂന്ന് ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂട്ടാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തിരുന്നു. എത്ര വിലക്കൂട്ടണമെന്നതില്‍ ശുപാര്‍ശകള്‍ നല്‍കാനാണ് ഭക്ഷ്യവകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ വച്ചത്. സമിതി മൂന്ന് തവണ യോഗം ചേര്‍ന്നു. അന്തിമ യോഗം അടുത്തയാഴ്ച നടക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. നിലവില്‍ 50 ശതമാനത്തിന് മുകളിലാണ് പല ഉല്‍പ്പന്നങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി. ഇത് മൂപ്പത് ശതമാനത്തിന് താഴെ വരെ കുറക്കാനാണ് സാധ്യത. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ സബ്സിഡിയിലേക്ക് കൊണ്ടുവരും. ഇതോടെ, വിലക്കയറ്റം നിയന്ത്രിക്കാനുള്ള വിപണി ഇടപെടല്‍ ഫലപ്രദമായി സപ്ലൈകോയ്ക്ക് മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് സമിതി വിലയിരുത്തുന്നു. നവകേരള സദസ്സിന് ശേഷമായിരിക്കും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.