train-accident-trail

എലത്തൂർ  ട്രെയിൻ തീവയ്പിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന തളിപറമ്പ് സ്വദേശി ജ്യോതീന്ദ്ര നാഥിനെ അവഗണിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ. കെ എസ് ഇ ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറായ ജ്യോതീന്ദ്രനാഥിന് സർക്കാർ ധനസഹായം നിലച്ചതിനൊപ്പം ശമ്പളത്തോടെ അവധി നൽകാനാവില്ലെന്ന നിലപാടാണ് വൈദ്യുതി ബോർഡും സ്വീകരിച്ചിരിക്കുന്നത്. റെയിൽവേയുടെ  നഷ്ടപരിഹാരവും കടലാസിലാണ്.

അങ്കമാലിയിൽ നിന്ന് തളിപറമ്പിലെ  വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴാണ്  ഷാരൂഖ് സെയ്ഫി എന്ന നരാധമന്റെ ചെയ്തികൾക്ക് ജ്യോതീന്ദ്ര നാഥും ഇരയാകുന്നത്. ശരീരത്തിലേയ്ക്ക് തീ ആളി പടരുന്നതെ ഓർമയുള്ളു.. ശുചി മുറിയിൽ കയറി തീ അണയ്ക്കുമ്പോഴെക്കും മുഖവും കാലും കൈയ്യുമെല്ലാം വെന്തു അടർന്നിരുന്നു.. ഒന്നര മാസമാണ് ആശുപത്രിയിൽ പൊള്ളുന്ന വേദനയിൽ ജീവിച്ചത്. എട്ട് മാസങ്ങൾക്കിപ്പുറവും മുറിവുകൾ ഉണങ്ങിയിട്ടില്ല. ആദ്യത്തെ തവണ ആശുപത്രിയിൽ പണം അടയ്ക്കാൻ സംസ്ഥാന സർക്കാരിന്റെ സഹായം കിട്ടി ...പിന്നെ അത് ഉണ്ടായിട്ടില്ല. റെയിൽവേ ഇതുവരെ നൽകിയ ധനസഹായം ആകട്ടെ  8000 രൂപ..  ചികിത്സയ്ക്ക് 20 ലക്ഷം രൂപയ്ക്ക് മുകളിലായി.. ജോലിയ്ക്കിടയിൽ ഉണ്ടായ അപകടമല്ല എന്ന കാരണത്താൽ ഇനി ശമ്പളത്തോടെയുളള അവധി നൽകില്ലെന്ന് കെ എസ് ഇ ബി യും തീരുമാനിച്ചു.. ഒരു അസിസ്റ്റന്റ് എഞ്ചിനിയർ നീറുന്ന വേദനയിൽ കട്ടിലിൽ കിടന്ന് സർക്കാരിനോട് സഹായത്തിനായി കേഴുന്ന ദുരവസ്ഥയാണിത്.

ജ്യോതീന്ദ്ര നാഥിന്റെ വേദന കഥ അറിഞ്ഞ തളിപറമ്പ് എം എൽ എ എം വി ഗോവിന്ദൻ പ്രശ്ന പരിഹാരത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. മുറിവ് ഉണങ്ങാതെ ജോലിയ്ക്ക് പോകാൻ കഴിയില്ല. കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും പരസഹായം വേണം. മുറിവ് ഉണങ്ങിയിട്ട് വേണം കാലിന്റെയും കൈയ്യുടെയും സ്വാധീനം വീണ്ടെടുക്കാൻ. അർഹതപ്പെട്ട സഹായം ഇനിയും കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിന്ന് എത്തിയില്ലെങ്കിൽ  അത് ക്രൂരമാണ്.