തീപിടിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ട്രെയിനില്‍ നിന്നും എടുത്തുചാടിയ യാത്രക്കാരിലേക്ക് എതിര്‍ദിശയില്‍ വന്ന മറ്റൊരു ട്രെയിനിടിച്ച് 12 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് ദാരുണമായ അപകടം. ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് വരുകയായിരുന്ന പുഷ്പക് എക്സ്പ്രസില്‍ നിന്നും ട്രാക്കിലേക്ക് ചാടിയവരുടെ മുകളിലേക്കാണ് കര്‍ണാടക എക്സ്പ്രസ് ഇടിച്ചുകയറിയത്.
ജല്‍ഗാവില്‍ പര്‍ദാഡെ റെയില്‍വേ സ്റ്റേഷന് സമീപം വൈകിട്ട് നാലേ കാലേയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് വന്ന പുഷ്പക് എക്സ്പ്രസിന്‍റെ വീലുകളില്‍ നിന്ന് പുക ഉയര്‍ന്നെന്ന സംശയം ആശങ്ക പരത്തി. തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ചു. ബി4 കോച്ചിലെ യാത്രക്കാര്‍ പൊടുന്നനെ പുറത്തേക്ക് എടുത്തു ചാടുകയായിരുന്നു. എതിര്‍ദിശയില്‍ നിന്ന് വന്ന കര്‍ണാടക എക്സ്പ്രസ് ഇവരുടെ ശ്രദ്ധയില്‍പെട്ടില്ല.
നിമിഷനേരം കൊണ്ട് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് ട്രെയിന്‍ കടന്നുപോയി. പരുക്കേറ്റ് ട്രാക്കിന് സമീപം ആളുകള്‍ കിടക്കുന്നതിന്‍റെ ദൃശ്യങ്ങളില്‍ നിന്ന് തന്നെ ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാകും. ജില്ലാ ഭരണകൂടവും പ്രദേശവാസികളും ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‍നാവിസ് അറിയിച്ചു.