cusat-girls

കുസാറ്റ് ദുരന്തത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രണ്ട് വിദ്യാര്‍ഥിനികള്‍ ആശുപത്രി വിട്ടു. കൊച്ചി ആസ്റ്റര്‍ മെഡ് സിറ്റിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഷേബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി എന്നിവരാണ് 10  ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടത്. 

ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്,  ഇരുവരേയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന ഡോക്ടര്‍മാരുടെ സംഘത്തെ നയിച്ച ആസ്റ്ററിലെ ന്യൂറോ സര്‍ജറി സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നല്‍കിയാണ് ഷേബയേയും ഗീതാഞ്ജലിയേയും വീടുകളിലേക്ക് യാത്രയാക്കിയത്. നവംബര്‍ 25ലെ ആ രാത്രി, കളിചിരികളുമായി ഉല്ലസിച്ച് നിന്നിരുന്ന വിദ്യാര്‍ഥി കൂട്ടത്തിനിടയിലേക്ക് ദുരന്തമെത്തിയ ആ നിമിഷം ഇരുവര്‍ക്കും ഒാര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഇവര്‍ പറയുന്നു ഇത് ഞങ്ങളുടെ രണ്ടാം ജന്മം. 

ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ കോഴിക്കോട് താമരശേരി സ്വദേശി സാറ ഗീതാഞ്ജലിയുടെ റൂം മേറ്റായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് അടക്കം പരുക്കേറ്റ് അതീവഗുരുതരാവസ്ഥയിലായിരുന്നു ഷേബയേയും ഗീതാഞ്ജലിയേയും അര്‍ധരാത്രിയോടെയാണ് മെഡിക്കല്‍ കോളജില്‍ നിന്ന് ആസ്റ്ററിലെത്തിക്കുന്നത്. കൃത്യസമയത്ത് വിദഗ്ധ ചികിത്സ നല്‍കാന്‍ സാധിച്ചത് തന്നെയാണ് ഇവരുടെ ജീവന്‍ രക്ഷപ്പെടാന്‍ കാരണമായതും.

Two students who were under treatment in critical condition in the Kusat disaster left the hospital