bengaluru-stampede

ഒരു കായിക, ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ദുരന്തത്തില്‍ കൂടുതല്‍ പേര്‍ മരിക്കുന്ന ഒന്നായി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഈ ദുരന്തം മാറുമോ? പുറത്തുവരുന്ന വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്.  11 പേരുടെ മരണം ഇതിനകം സ്ഥിരീകരിച്ചു. 50പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. ചിലരുടെ നില ഗുരുതരമാണ്. എന്തായാലും ഇതുവരെയുള്ള കണക്കുപ്രകാരം ഇന്ത്യയില്‍ കായിക പരിപാടിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ വലിയ ദുരന്തമായിക്കഴിഞ്ഞു ബെംഗളൂരുവിലേത്. 

16 മരണം; 1980 കൊല്‍ക്കത്ത ലീഗ് ദുരന്തം

മോഹന്‍ ബഗാന്‍ – ഈസ്റ്റ് ബംഗാള്‍  ഫുട്ബോള്‍ മല്‍സരത്തിനിടെ ആരാധകര്‍ക്കിടയിലെ തര്‍ക്കം ദുരന്തത്തിലേക്ക് വഴിമാറി. തിക്കിലും തിരക്കിലും  16 പേര്‍ മരിച്ചു. 100ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റു.

ആറ് മരണം; ഈഡന്‍ ഗാര്‍ഡന്‍, 1969

1969 ഡിസംബര്‍ 17 : കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍  ഇന്ത്യ–ഓസീസ് ടെസ്റ്റ് മാച്ച് നടക്കുന്ന ദിവസം രാവിലെ ഏഴിന് തിക്കും തിരക്കും. ആറ് പേര്‍ മരിച്ചു

1996 ലോകകപ്പ് സെമി ഫൈനല്‍ ഉപേക്ഷിച്ചു

1996 ലോകകപ്പിലെ  ഇന്ത്യ–ശ്രീലങ്ക സെമിഫൈനലിനിടെ കൊല്‍ക്കത്തയില്‍ തിക്കും തിരക്കുമുണ്ടായി, ആളപായമില്ല, മല്‍സരം ഉപേക്ഷിച്ചു. ഇവ കൂടാതെ, 1973ല്‍ കൊച്ചിയില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ഗാലറി തകര്‍ന്നു അപകടമുണ്ടായി. 

പല കാലങ്ങളിലായി കേരളത്തില്‍ അടക്കം വിവിധ ഇടങ്ങളില്‍ സെവന്‍സ് ഗ്രൗണ്ടുകളില്‍ അപകടമുണ്ടായി ആളപായവും പരുക്കുകളും സംഭവിച്ചിട്ടുണ്ട്. 

rcb-fans-standing

തിക്കും തിരക്കും; സമീപകാല സമാന ദുരന്തങ്ങള്‍:

∙2025 ഫെബ്രുവരി

ന്യൂ ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 മരണം

∙ 2025 ജനുവരി 29

കുംഭമേള ദുരന്തം– 30 മരണം ( ഔദ്യോഗിക കണക്ക് )

∙ 2025 ജനുവരി 8

ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറ് മരണം

delhi-stampede

ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിരക്ക്

∙2024 ജൂലൈ

ആള്‍ദൈവം ബോലെ ബാബയുടെ, ഉത്തര്‍പ്രദേശിലെ ഹാത്രസിലെ പരിപാടിയില്‍ തിക്കിലും തിരക്കിലും 121 പേര്‍ മരിച്ചു

∙ 2023 നവംബര്‍ 25 കുസാറ്റ് ദുരന്തം

കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സംഗീത നിശയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 വിദ്യാർഥികൾ ഉൾപ്പെടെ 4 പേർ മരിച്ചു

∙ 2022 ജനുവരി

ജമ്മു കശ്മീരിലെ ത്രികുട പർവതത്തിലുള്ള പ്രമുഖ തീർഥാടന കേന്ദ്രമായ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും 12 പേർ മരിച്ചു.

∙2017 ഒക്ടോബർ 

മുംബൈ എൽഫിൻസ്റ്റൺ റോഡ് (പ്രഭാദേവി) ലോക്കൽ ട്രെയിൻ സ്റ്റേഷനിലെ നടപ്പാലത്തിലുണ്ടായ ദുരന്തം  23 ജീവനെടുത്തു. 

∙2014 ജനവരി 

ദക്ഷിണ മുംബൈ മലബാർ ഹില്ലിൽ ദാവൂദി ബൊഹ്‌റ വിഭാഗത്തിന്റെ ആഗോള ആത്മീയ നേതാവ് ഡോ. സയ്യദ്‌നാ മുഹമ്മദ്  ബുർഹാനുദ്ദീന്റെ വസതിയായ സൈഫി മഹലിനു സമീപം തിക്കിലും തിരക്കിലും 18 മരണം

∙ 2014 ഒക്ടോബർ 

 ദസറ ആഘോഷത്തിനിടെ ഗാന്ധി മൈതാനിയിലുണ്ടായ തിക്കിലും തിരക്കിലും  33 മരണം

∙ 2013  ഒക്ടോബർ 

 മധ്യപ്രദേശിലെ ദത്തിയ ജില്ലയിലെ രത്തൻഗഡിൽ  നവരാത്രി ആഘോഷത്തിനിടെ  ഉണ്ടായ തിക്കിലും തിരക്കിലുംപെട്ടു കൊല്ലപ്പെട്ടവരുടെ എണ്ണം 115 

∙2013 ഫെബ്രുവരി 

 ലക്‌നൗ മഹാകുംഭമേളയോടനുബന്ധിച്ച് അലഹാബാദ് റയിൽവേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും മരണം 36

∙ 2011 ജനുവരി 

മകരജ്യോതി ദർശനം കഴിഞ്ഞു പുല്ലുമേട്ടിൽ നിന്നു മടങ്ങിയ ശബരിമല തീർഥാടകർ വള്ളക്കടവ് ഉപ്പുപാറയിൽ തിക്കിലും തിരക്കിലുംപെട്ട് 106 പേർ മരിച്ചു

cusat-stampade

കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങില്‍ അപകടം നടന്ന സ്ഥലം

∙ 2008 ഒക്ടോബർ 

 രാജസ്‌ഥാനിലെ മേഹ്രൻഗഡിലെ ചാമുണ്ഡദേവീക്ഷേത്രത്തിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 224

∙ 2005 ഡിസംബർ 

 ചെന്നൈ കെ. കെ. നഗറിനു സമീപം എം. ജി. ആർ. നഗറിൽ തിക്കിലും തിരക്കിലുംപെട്ട് 43 പേർ മരിച്ചു

∙ 2005 ജനുവരി 

 മഹാരാഷ്ട്ര സത്താറ ജില്ലയിൽ മാണ്ഡർദേവി ക്ഷേത്ര ഉത്സവത്തിനിടയിൽ തിക്കിലും തിരക്കിലും  341 മരണം.

∙1999 ജനുവരി 

 ശബരിമല മകരവിളക്ക് കഴിഞ്ഞ് പമ്പ ഹിൽടോപ്പിൽ നിന്നിറങ്ങുന്നതിനിടയിൽ തിക്കും തിരക്കം – 53 മരണം.

∙1994 നവംബർ 

 ഗോവരി ആദിവാസി സമാജിന്‍റെ പ്രകടനത്തിന് നേരെ പൊലീസ് ലാത്തിചാർജിനിടയിലുണ്ടായ തിരക്കിൽ കൂട്ടമരണം – 114 പേർ മരിച്ചു

ENGLISH SUMMARY:

RCB celebration tragedy at Chinnaswamy Stadium confirms 11 deaths, 50 injured. One of the worst sports-event disasters in India raises serious safety concerns.