sisa

സാങ്കേതിക സർവകലാശാല മുൻ വിസി സിസാ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയതിൽ സർക്കാരിന് തിരിച്ചടി. കാരണം കാണിക്കൽ നോട്ടീസും, തുടർനടപടികളും ഹൈക്കോടതി റദ്ദാക്കി. സർക്കാർ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

സർക്കാരിന്റെ അനുമതി ഇല്ലാതെ സാങ്കേതിക സർവകലാശാലയുടെ താൽകാലിക വൈസ് ചാൻസലർ പദവി ഏറ്റെടുത്തതതിനാണ് സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സിസ തോമസിന് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസും തുടർനടപടിയും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 

നേരത്തെ കാരണം കാണിക്കൽ നോട്ടീസിനെതിരെ സിസ തോമസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.എന്നാൽ നോട്ടീസ് റദ്ദാക്കാൻ ട്രൈബ്യൂണൽ വിസമ്മതിക്കുകയും, തുടർനടപടികളുമായി മുന്നോട്ട് പോകാൻ സർക്കാരിന് അനുവാദം നൽകുകയും ചെയ്തു. ഇതോടെ വിരമിക്കൽ ദിവസം സർക്കാർ സിസ തോമസിന് മെമ്മോ നൽകി. അച്ചടക്ക നടപടി സർവീസിനെയും വിരമിക്കൽ ആനുകൂല്യങ്ങളെയും ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവോടെ സർക്കാർ നൽകിയ മെമ്മോയും റദ്ദാകും. നേരത്തെ സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ആയിരുന്ന രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതോടെയാണ് സിസ തോമസിനെ താൽക്കാലിക വിസിയായി ഗവർണർ നിയമിച്ചത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം.

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ

 

Of technical university ex vc the High Court quashed the show cause notice and further proceedings