loann

നിര്‍ദിഷ്ട വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്കുവേണ്ടി ഭൂമി വിട്ടു നല്‍കിയവര്‍ കടക്കെണിയില്‍. ബാങ്കില്‍ പണയമിരുന്ന ആധാരം തിരിച്ചെടുത്ത് സര്‍ക്കാരിന് കൈമാറാന്‍ ബ്ലേഡുകാരില്‍ നിന്ന് കടം വാങ്ങിയവര്‍ വരെയുണ്ട്. സ്ഥലമെടുപ്പ് സ്തംഭിച്ചതോടെ വായ്പ തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാതെ പ്രതിസന്ധിയിലാണ് ഇവര്‍.

കാട്ടാക്കട പഞ്ചായത്തിലെ കോട്ടപ്പുറത്തുള്ള രാജമ്മയ്ക്ക് 25 സെന്‍റ് സ്ഥലമുണ്ട്. വീടുവയ്ക്കാന്‍ ആധാരം പണയം വച്ച് വായ്പയെടുത്തിരുന്നു. റിങ് റോഡിന് ഭൂമിയേറ്റെടുക്കാന്‍ യഥാര്‍ഥ പ്രമാണം വേണമെന്ന് റവന്യു അധികൃതര്‍ നിര്‍ദേശിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥലം ഉടന്‍ ഏറ്റെടുക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് ബ്ലേഡുകാരില്‍ നിന്നുള്‍പ്പടെ രണ്ടരക്ഷം രൂപ കടമെടുത്തു. വായ്പതിരിച്ചടച്ച് ആധാരം എടുത്ത് റവന്യു അധികൃതര്‍ക്ക് കൈമാറി. പകരം സ്ഥലം വാങ്ങാന്‍ കടംവാങ്ങി ഒരു ലക്ഷം അഡ്വാന്‍സ് നല്‍കി. ആ പണവും ഇപ്പോള്‍ നഷ്ടമായ സ്ഥിതിയാണ്. 

കാര്യമായ വരുമാനമില്ല. ആഴ്ച തോറും വട്ടി പലിശയടച്ച്, കടത്തിന് മീതെ കടം കയറിയതോടെ നിത്യചെലവിന് പണം കണ്ടെത്താന്‍ പോലും വിഷമിക്കുകയാണ് ഈ കുടുംബം. രാജമ്മയെ പോലെ കടംവാങ്ങി ആധാരം തിരിച്ചെടുത്ത് സര്‍ക്കാരിന് നല്‍കിയും പകരം ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയും കുരുക്കിലായവര്‍ നിരവധി. സ്ഥലമെടുപ്പ് നടപടി പൂര്‍ത്തിയായി സര്‍ക്കാരില്‍ നിന്ന് പണം കിട്ടാനുള്ള കാത്തിരിപ്പിലാണ് ഇവര്‍.

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ