വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റിനെച്ചൊല്ലി രാഷ്ട്രീയ വിവാദം കനക്കവെ ഉമ്മന്‍ ചാണ്ടിയുടെ പഴയ ഫെയ്സ് ബുക്ക് പോസ്റ്റ് വീണ്ടും വൈറല്‍. 2015 ഡിസംബര്‍ ആറിന് ‘കേരളത്തിന്റെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞം തുറമുഖത്തിനു തുടക്കമിട്ട ചരിത്ര മുഹൂർത്തത്തിൽ നിന്ന് ചില നിമിഷങ്ങൾ കൂടി’ എന്ന കുറിപ്പോടെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കുവച്ച ചിത്രമാണ് തരംഗമാകുന്നത്. ‘കാലം സാക്ഷി ചരിത്രം സാക്ഷി, വിഴിഞ്ഞം ഞങ്ങളുടെ കുഞ്ഞൂഞ്ഞിന്‍റെയാ’, ‘ഭാവിയിൽ ആധുനിക തിരുവനന്തപുരത്തിന്റെ ശില്‍പി എന്ന പേരിലാകും താങ്കൾ അറിയപ്പെടുക’, ‘ഉമ്മൻ ചാണ്ടി പാവങ്ങളുടെ പടത്തലവൻ’ എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
അതേസമയം ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും എല്‍ഡിഎഫ് സര്‍ക്കാരിന് ഭയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടിയുടെ പഴയപ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടി ഇന്നില്ലെന്നും മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തിയെഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെപ്പോലും ഭയപ്പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖം കമ്മിഷനിങ് ചടങ്ങിൽ പങ്കെടുക്കുന്നതിനു മുന്നോടിയായി വിഴിഞ്ഞം എംഎല്‍എ എം.വിന്‍സന്റ് പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥിച്ചു. പുലർച്ചെ 5.45ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തിയ വിൻസെന്റ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ചു പ്രാർഥിച്ച ശേഷമാണ് വിഴിഞ്ഞത്തേക്കു തിരിച്ചത്. ചാണ്ടി ഉമ്മൻ എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് വിൻസെന്റ് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ‘അതൊക്കെ ഓരോരുത്തരുടെ ആഗ്രഹങ്ങൾ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഉമ്മൻ ചാണ്ടി ഒരു കല്ല് മാത്രമിട്ടെന്ന സിപിഎം പ്രചാരണം പച്ചക്കള്ളമെന്നു ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. ഇന്ന് ചരിത്ര ദിവസമാണ്. ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും സിപിഎം ഭയപ്പെടുന്നു. അതുകൊണ്ടാണു പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു