തൃശൂർ ചാലക്കുടിയിൽ 39 ആദിവാസി പെൺകുട്ടികൾ അധിവസിക്കുന്നത് പൊളിഞ്ഞു വീഴാറായ കെട്ടിടത്തിൽ. ഉപയോഗയോഗ്യമല്ലെന്ന് സാക്ഷ്യപെടുത്തിയിട്ടും ഇതേ കെട്ടിടത്തിലാണ് വർഷങ്ങളായി ട്രൈബൽ ഹോസ്റ്റലായി പ്രവർത്തിക്കുന്നത് .പൊളിഞ്ഞു തുടങ്ങിയ കെട്ടിടം, ചോർന്നൊലിച്ച ഊട്ടൂപ്പുര ടാർപായ വലിച്ചു കെട്ടിയിട്ടുണ്ട്. ശുചിമുറിയാണെങ്കിൽ കാടുമൂടിയ അവസ്ഥയിൽ. കെട്ടിടത്തിനുള്ളിലെ സ്ഥിതി ഇതിലും പരിതാപകരം. ചാലക്കുടിയിൽ പെൺകുട്ടികൾക്കായുള്ള ട്രൈബൽ ഹോസ്റ്റലിന്റെ സ്ഥിതിയാണിത്. വർഷങ്ങൾക്ക് മുമ്പേ എഞ്ചിനീയറിങ് വിഭാഗം ഉപയോഗ യോഗ്യമല്ലെന്ന് സാക്ഷ്യപെടുത്തിയ ഈ കെട്ടിടത്തിലാണ് 39 ആദിവാസി പെൺകുട്ടികൾ അന്തിയുറങ്ങുന്നത്.1998 ൽ റസിഡൻഷ്യൽ സ്കൂളായിരുന്ന കെട്ടിടം ട്രൈബൽ ഹോസ്റ്റലാക്കി ഉപയോഗിക്കുകയായിരുന്നു. കാലപ്പഴക്കം മൂലം കെട്ടിടം ജീർണിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി. പുതിയ കെട്ടിടം പണിയാനോ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി പാർപ്പിക്കാനോ കാലമിത്രയായിട്ടും നടപടിയുണ്ടായില്ല.
അകവും പുറവും അപകടവസ്ഥയിലുള്ള കെട്ടിടത്തിൽ കഴിയാനാണ് വിവിധ ജില്ലകളിൽ നിന്നെത്തിയ കുട്ടികളുടെ വിധി .സൗജന്യമായി സ്ഥലം ലഭിച്ചാൽ കെട്ടിടം പണിയാമെന്നാണ് പട്ടിക വർഗ വകുപ്പിന്റെ വാദം. അത്രകാലം കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയില്ല. കുട്ടികളെ അടിയന്തിരമായി മാറ്റിപാർപ്പിക്കാൻ ജില്ലാ കലക്ടറുടെ നിർദേശമുണ്ടായിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല. കോടികൾ ചിലവൊഴിച്ചു തൊട്ടു സമീപം നിർമിച്ച ജനറൽ വിഭാഗത്തിന്റെ ഹോസ്റ്റലിലേക്ക് മാറിതാമസിക്കാൻ കുട്ടികൾ തയ്യാറാവുന്നില്ലെന്നാണ് അധികൃതരുടെ ന്യായീകരണം.