priya

കണ്ണൂർ സർവകലാശാല മലയാളം അസോഷ്യേറ്റ് പ്രൊഫസറായി പ്രിയ വർഗീസ് ചുമതലയേറ്റു. സർവകലാശാലയുടെ നീലേശ്വരം ക്യാംപസിലാണ് ചുമതലയേറ്റത്. അതേ സമയം സുപ്രീംക്കോടതിയിൽ യു ജി സി നൽകിയ ഹർജിയിൽ പ്രതികരിക്കാനില്ലെന്നും പ്രിയ വർഗീസ് വ്യക്തമാക്കി. 

 

കണ്ണൂർ സർവകലാശാലയിൽ മലയാളം അസോഷ്യേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് നിയമനം നൽകാമെന്ന് ഹൈക്കാടതി ഡിവിഷൻ ബഞ്ച് വിധിച്ചിരുന്നു. പിന്നാലെ സർവകലാശാല എ ജിയിൽ നിന്നും സ്റ്റാന്റിങ്ങ് കൗൺസലിൽ നിന്നും നിയമോപദേശം തേടിയിരുന്നു. തുടർന്ന് ജൂൺ മുപ്പതിന് നിയമന ഉത്തരവ് നൽകി. പതിനഞ്ചു ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്നായിരുന്നു ഉത്തരവ്. ഇതിനെതുടർന്നാണ് ഇന്ന് രാവിലെ കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തി പ്രിയ വർഗീസ് ജോലിയിൽ പ്രവേശിച്ചത്

 

അസോഷ്യേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സി.യുടെ 2018-ലെ റഗുലേഷൻ നിഷ്കർഷിക്കുന്ന അധ്യാപന പരിചയം പ്രിയ വർഗീസിന് ഇല്ലെന്ന് യു.ജി.സി. ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വാദം തള്ളിക്കൊണ്ടാണ് പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. ഇതിനെതിരെ യു ജി സി സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് നീലേശ്വരം കോളജിൽ പ്രിയ വർഗീസ് ജോലിയിൽ പ്രവേശിക്കുന്നത്