Priya-varghese

പ്രിയ വർഗീസിന് മലയാളം അസോഷ്യേറ്റ് പ്രഫസറായി നിയമനം നൽകി കണ്ണൂർ സർവകലാശാല. 15 ദിവസത്തിനകം കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ ചുമതലയേൽക്കണമെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച നൽകിയ ഉത്തരവിൽ പറയുന്നത്. മതിയായ യോഗ്യതകൾ പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചതിന് പിന്നാലെയാണ് സർവകലാശാല നിയമന ഉത്തരവ് നൽകിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കണ്ണൂർ സർവകലാശാലയിൽ മലയാളം അസോഷ്യേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് നിയമനം നൽകാമെന്ന് ഹൈക്കാടതി ഡിവിഷൻ ബഞ്ച് വിധിച്ചതിന് പിന്നാലെ സർവകലാശാല എജിയിൽ നിന്നും സ്റ്റാന്റിങ്ങ് കൗൺസലിൽ നിന്നും നിയമോപദേശം തേടിയിരുന്നു. സ്വജനപക്ഷപാതം ആരോപിച്ചുള്ള പരാതിയില്‍ പ്രിയയുടെ നിയമന നടപടികൾ 2022 ഓഗസ്റ്റ് 17ന് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചതിനാൽ നിയമനത്തിൽ മറ്റു സാങ്കേതിക തടസങ്ങൾ ഉണ്ടോയെന്നറിയാനായിരുന്നു നിയമോപദേശം തേടിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവോടെ ഗവർണറുടെ സ്‌റ്റേ ഉത്തരവ് അസാധുവായി എന്ന നിയമോപദേശത്തിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രിയയ്ക്ക് സർവകലാശാല നിയമന ഉത്തരവ് നൽകുകയായിരുന്നു.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018 ലെ റഗുലേഷൻ നിഷ്കർഷിക്കുന്ന അധ്യാപന പരിചയം പ്രിയ വർഗീസിന് ഇല്ലെന്ന് യുജിസി നേരത്തേ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വാദം തള്ളിക്കൊണ്ടാണ് പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണ് യുജിസി. പ്രിയ വർഗീസും ഇതിനെതിരെ  സുപ്രീം കോടതിയിൽ തടസ ഹർജി നൽകിയിട്ടുണ്ട്.