വിഷപ്പുകയും കാറ്റും ഉയര്‍ത്തുന്ന വെല്ലുവിളിക്കിടയില്‍ ബ്രഹ്മപുരം പ്ലാന്‍റിലെ തീയണയ്ക്കാന്‍ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തീവ്രശ്രമം. നേവിയുടെയും പോര്‍ട്ട് ട്രസ്റ്റിന്‍റേതുമടക്കം മുപ്പതിലേറെ യൂണിറ്റുകുളം ഇരുനൂറിലേറെ ഉദ്യോഗസ്ഥരുമാണ് തീയണയ്ക്കാന്‍ പരിശ്രമിക്കുന്നത്. തീയാളുന്നത് നിയന്ത്രിച്ചെങ്കിലും മാലിന്യ കൂമ്പാരത്തിൽ നിന്നും കനത്ത പുകയാണ് ഉയരുന്നത്.
അഗ്നിരക്ഷാ സേന, നേവി, പോര്‍ട്ട് ട്രസ്റ്റ് എന്നിവരുടെ ഫയര്‍ യൂണിറ്റുകൾ ഉപയോഗിച്ച് യുദ്ധകാലടിസ്ഥാനത്തിലാണ് ബ്രഹ്മപുരത്തെ തീയണക്കുന്ന ജോലികള്‍ നാലാം ദിവസവും പുരോഗമിക്കുന്നത്. കടമ്പ്രയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്തിക്കാന്‍ ആലപ്പുഴയില്‍ നിന്നെത്തിച്ച ജംമ്പോ പമ്പുകളും ഉപയോഗിക്കുന്നുണ്ട്. ദിശമാറി വീശുന്ന ശക്തമായകാറ്റാണ് പ്രധാന വെല്ലുവിളി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെയും അവഗണിച്ചാണ് ഉദ്യോഗസ്ഥരുടെ ദൗത്യം. തീപിടിത്തം അട്ടിമറിയാണെങ്കില്‍ അതിന്‍റെ കാരണക്കാരെ ഇത്തവണ കണ്ടെത്തുമെന്ന് പൊലീസ്.