higuitta

കേരളത്തില്‍ 'ഹിഗ്വിറ്റ' വിവാദം കൊഴുക്കുകയാണ്.'ഹിഗ്വിറ്റ' എന്ന പേരില്‍ സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹേമന്ത് ജി. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വന്നതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ തന്‍റെ  കഥയുടെ ശീര്‍ഷകത്തില്‍ തന്റെ അറിവില്ലാതെ സിനിമ നിര്‍മിക്കുന്നതിലുള്ള ദുഃഖം ‌ട്വിറ്ററില്‍ പങ്കുവെച്ച് രംഗത്തു വന്നു. സിനിമയ്ക്കെതിരെ അദ്ദേഹം ഫിലിം ചേംബറിനെ സമീപിച്ചു. 'ഹിഗ്വിറ്റ' എന്ന പേരില്‍ സിനിമയിറങ്ങില്ലെന്ന് ഉറപ്പ് ലഭിച്ചെന്നും ഫിലിം ചേംബറിന് നന്ദിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല്‍ സിനിമയുടെ പേരു മാറ്റുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഫിലിം ചേംബര്‍ തീരുമാനം തന്നെ അറിയിച്ചിട്ടില്ലെന്നുമാണ് സംവിധായകന്‍ ഹേമന്ത് ജി നായരുടെ നിലപാട്. അതിനിടെ സിനിമയുടെ പേരിന്റെ കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ചയെന്ന് ഫിലിംചേംബര്‍ വ്യക്തമാക്കി. ഇരുപക്ഷത്തെയും പിന്തുണച്ച് ഒട്ടേറെപ്പേര്‍ ഇതിനകം രംഗത്തുവന്നുകഴിഞ്ഞു. എന്‍.എസ്.മാധവന്റെ കഥയിലൂടെ കേരളം ഏറ്റെടുത്ത ഹിഗ്വിറ്റ എന്ന പേര് അതിനും മുമ്പ് ലോകം ഏറ്റെടുത്തതാണ്. 

ആരാണ് ഹിഗ്വിറ്റ?

കൊളംബിയന്‍ ഫുട്ബോള്‍ ടീമിന്‍റെ ഇതിഹാസ ഗോള്‍ കീപ്പറാണ് ജോസെ റെനെ ഹിഗ്വിറ്റ സപാറ്റ എന്ന ഹിഗ്വിറ്റ. കൊളംബിയയ്ക്കു വേണ്ടി 68 രാജ്യാന്തര മത്സരങ്ങളില്‍ കളിച്ച അദ്ദേഹം മൂന്നു ഗോളുകളും നേടിയിട്ടുണ്ട്.

എന്താണ് ഹിഗ്വിറ്റയുടെ പ്രത്യേകത?

ഗോള്‍ വലയം കാക്കുക എന്ന ഗോളികളുടെ ധര്‍മത്തിനപ്പുറത്തേക്ക് ഗോളി എന്ന പദത്തിന്‍റെ നിര്‍വചനം മാറ്റിയെഴുതിയ കളിക്കാരനാണ് ഹിഗ്വിറ്റ. ഗോളികളുടെ പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി അയാള്‍ പന്തുമായി ഇടം വലം പാളിച്ച് മൈതാനത്തിന്‍റെ മധ്യത്തിലേക്ക് നീങ്ങും. വേണ്ടിവന്നാല്‍ എതിര്‍ ഗോള്‍മുഖം ഭേദിക്കും. ഗോളടിക്കും. ഈ സവിശേഷത കൊണ്ടു തന്നെ 'എൽലോക്കോ' അഥവാ  'ഭ്രാന്തൻ' എന്നാണ് കൊളംബിയക്കാർ അദ്ദേഹത്തെ വിളിക്കുന്നത്.ഗോളടിക്കാനായി ലോകോത്തര ഫോര്‍വേഡുകള്‍ ഉപയോഗിക്കുന്ന 'സ്കോര്‍പിയണ്‍ കിക്ക്' ഗോള്‍ വല കാക്കാന്‍ ഉപയോഗിച്ച അതിസാഹസികനായിരുന്നു ഹിഗ്വിറ്റ. അത്തരമൊരു കിക്ക് മറ്റൊരു ഗോളിക്കുംഅവകാശപ്പെടാനില്ല.തനിക്കു നേരെ വരുന്ന ലോങ് ബോളിനെ നിലയുറപ്പിച്ച് ഒരു സര്‍ക്കസ് അഭ്യാസിയെപ്പോലെ നിന്ന നില്‍പില്‍ ചാടി പിന്‍കാലുകൊണ്ട് പന്തിനെ കുത്തിയകറ്റുന്ന ശൈലി കാണുമ്പോള്‍ തേള്‍ വാല്‍ വളച്ച് ശത്രുവിനെ കുത്തുന്ന പോലെയാണ് കാണികള്‍ക്ക് അനുഭവപ്പെടുക. അതു കൊണ്ടാണ് അതിന് 'സ്കോര്‍പിയണ്‍ കിക്ക്' എന്ന പേരു വന്നത്. 1989 ല്‍ ഇംഗ്ളണ്ടിനെതിരെ വെംബ്്ളിയില്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ ഇംഗ്ളണ്ടിന്‍റെ ജോണ്‍ ഹാക്സ് തനിക്കു നേരെ തൊടുത്തു വിട്ട പന്തിനെ പ്രതിരോധിക്കാനാണ് ഹിഗ്വിറ്റ ആദ്യമായി ഈ ശൈലി അതിന്‍റെ പൂര്‍ണതയില്‍ പുറത്തെടുത്തത്. 

ഹിഗ്വിറ്റ എന്ന ദുരന്തനായകൻ

ഗോള്‍ മുഖം വിട്ട് മൈതാനമധ്യത്തേക്കിറങ്ങുന്ന ഹിഗ്വിറ്റ ശൈലി നേട്ടങ്ങള്‍ മാത്രമല്ല ചിലപ്പോഴെല്ലാം കനത്ത തിരിച്ചടികളും ‌ടീമിന് സമ്മാനിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ മറക്കാനാവാത്തതാണ് 1990ലെ ഇറ്റലി ലോകകപ്പില്‍ കൊളംബിയക്കുണ്ടായ കനത്ത പരാ‍ജയം. കാമറൂണുമായി നടന്ന നിര്‍‍ണായക മത്സരം. ലോകകപ്പില്‍ നിന്ന് പുറത്താവാതിരിക്കാന്‍ കൊളംബിയക്ക് ജയിച്ചേ മതിയാകൂ. ജയം ലക്ഷ്യമിട്ട് ഹിഗ്വിറ്റ പതിവുപോലെ കയറിയും ഇറങ്ങിയും കളിച്ചു. ഗോള്‍ വൈകുന്തോറും ഹിഗ്വിറ്റയുടെ സ്വന്തം ഗോള്‍ വല വിട്ട് മുന്നോട്ടുമുന്നോട്ടു പോയി. മുന്‍ മല്‍സരങ്ങളില്‍ മൂന്ന് ഗോളടിച്ച് ആത്മവിശ്വാസവും കൂട്ടിനുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്കെപ്പൊഴോ അയാള്‍ക്ക് ചുവട് പിഴച്ചു. എതിര്‍ ടീമിന്‍റെ ഗോള്‍ വല ലക്ഷ്യമാക്കി ഹിഗ്വിറ്റ പന്തുമായി കുതിച്ച തക്കത്തിന് കാമറൂണ്‍ ഇതിഹാസം റോജര്‍ മില്ല പന്ത് തട്ടിയെടുത്ത് കൊളംബിയയുടെ ഗോള്‍കീപ്പറില്ലാത്ത ഗോള്‍പോസ്റ്റിലേക്ക് പായിച്ചു. കൊളംബിയ ലോകകപ്പില്‍ നിന്ന് പുറത്ത്. അങ്ങനെ ആ ലോകകപ്പിലെ ദുരന്ത നായകനായി ഹിഗ്വിറ്റ. തല കുമ്പിട്ടാണ് അയാള്‍ ഇന്ന് കളിക്കളം വിട്ടത്. കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയുടെ കാടത്തം എന്നാണ് ഇതേപ്പറ്റി ലോക മാധ്യമങ്ങള്‍ അന്ന് എഴുതിയത്.

1994 ലെ അമേരിക്കൻ ലോകകപ്പിലും കൊളംബിയക്ക് ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. യു.എസിനെതിരെ നടന്ന നിർണായക മത്സരത്തിൽ കൊളംബിയൻ ഡിഫൻഡർ ആന്ദ്രെ എസ്കോബാറിൻറെ സെൽഫ് ഗോളിലൂടെ കൊളംബിയ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.അറിയാതെയാണെങ്കിലും ആ പരാജയത്തിലും ഹിഗ്വിറ്റക്ക് പങ്കുണ്ടായിരുന്നു. യു.എസ് മിഡ്ഫീൽഡർ ജോൺ ഹാർക്സിൻറെ ഇടതു വശത്തു നിന്നുമുള്ള ഒരു ക്രോസ്. അത് കണക്ട് ചെയ്യാനായി മറ്റൊരു കളിക്കാരൻ ഓടിയെത്തി.ഹിഗ്വിറ്റയുടെ ശ്രദ്ധ മുഴുവൻ ആ കളിക്കാരനിലായിരുന്നു.ക്രോസ് ക്ളിയർ ചെയ്യാനായി എസ്കോബാർ ഒരു ശ്രമം നടത്തി. എന്നാൽ അത് വിജയിച്ചില്ല. ഹിഗ്വിറ്റ ഗോൾപോസ്റ്റ് മുഖത്തു നിന്നും സ്ഥാനം തെറ്റി നിൽക്കേ എസ്കോബാർ സ്വന്തം പോസ്റ്റിലേക്ക്ഗോളടിച്ചു. അതോടെ കൊളംബിയക്ക് ആദ്യ റൗണ്ടിൽ തന്നെ ലോകകപ്പിനോട് വിട പറയേണ്ടി വന്നു. കൊളംബിയയിൽ തിരിച്ചെത്തിയ ആന്ദ്രെ എസ്കോബാറിനെ കൊളംബിയൻ വാതുവെയ്പ് സംഘം പിന്നീട് വെടിവെച്ചു കൊലപ്പെടുത്തുകയാണുണ്ടായത്.

എന്‍.എസ് മാധവന്‍റെ 'ഹിഗ്വിറ്റ'

കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയുടെ പേരില്‍ 1990 ല്‍ എ.ന്‍.എസ് മാധവന്‍ എഴുതിയ പ്രശസ്തമായ ചെറുകഥയാണ് 'ഹിഗ്വിറ്റ'. 1995 ല്‍അദ്ദേഹത്തിന് ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത ക‍‍ൃതിയാണ് ഇത്. 2009 ലെ മുട്ടത്തുവര്‍ക്കി പുരസ്കാരവും ഈ കൃതിയിലൂടെ അദ്ദേഹത്തെ തേടിയെത്തി. കഥയിലെ കേന്ദ്ര കഥാപാത്രത്തെ കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയോട് ഉപമിച്ചാണ് കഥപുരോഗമിക്കുന്നത്. ഫുട്ബോളുമായി ബന്ധപ്പെട്ട പദങ്ങളും നിരവധി ബിംബങ്ങളും ഈ കഥയില്‍ കാണാം. 

ഹിഗ്വിറ്റ എന്ന തൻറെ കഥ സിനിമയാക്കാനുള്ള പ്രാഥമിക ചർച്ചകൾ നടക്കുന്നതിനിടെയാണ് അതേ പേരിൽ സിനിമയിറങ്ങുന്നതായി അറിഞ്ഞതെന്ന് എൻ.എസ് മാധവൻ പറയുന്നു.ഈ സിനിമ ഇതേ പേരിൽ പുറത്തു വന്നാ‍ൽ തന്റെ കഥയെ ആസ്പദമാക്കി ആ പേരിൽ തനിക്ക് സിനിമയെടുക്കാൻ കഴിയില്ല.സിനിമ രജിസ്റ്റർ ചെയ്തയാളുടെ പേരിലാകും ആ ശീർഷകം. ആ പേരിലുള്ള തൻറെ അവകാശം നഷ്ടപ്പെട്ടു എന്ന സങ്കടമാണ് താൻ പങ്കു വെച്ചത് എന്നുമാണ് അദ്ദേഹത്തിൻറെ ഭാഷ്യം.

Higuita'; Scorpion kick of controversy. Who is Higuitta? What is his speciality?