kabali-name

അതിരപ്പിള്ളി വാൽപ്പാറ റൂട്ടിൽ കൂട്ടംതെറ്റിയ ഒറ്റയാന് കബാലി എന്ന് പേരിട്ടത് ആരാണ്? മലയാള മനോരമയിലാണ് ഈ പേര് ആദ്യം വന്നത്. അതിരപ്പിള്ളി ലേഖകൻ ബാബുവിനോട് ഈ പേര് പറഞ്ഞുകൊടുത്തത് ഷോളയാർഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു. 2016ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് കബാലി. രജനീകാന്ത് ആയിരുന്നു നായകൻ . ജയിലിൽ നിന്ന് പുറത്തിറങ്ങിയ അധോലോക നായകൻ പകരം വീട്ടുന്നതാണ് പ്രണയം. 

 

2019 മുതൽ ഈ ഒറ്റയാൻ അതിരപ്പിള്ളി വാൽപ്പാറ റൂട്ടിൽ ഉണ്ട് . 2021 ലാണ് ഒറ്റയാൻ റോഡിൽ സ്ഥിരമായി ഇറങ്ങിത്തുടങ്ങിയത് . യാത്രക്കാരെ ഇതുവരെ ആക്രമിച്ചിട്ടില്ല . പക്ഷേ ആനയെ കണ്ട് പല യാത്രക്കാരും പേടിച്ചിട്ടുണ്ട് . ജീപ്പ് ഒരിക്കൽ കബാലി തകർത്തിരുന്നു. കബാലി റോഡിലിറങ്ങിയാൽ പിന്നെ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കും. കഴിഞ്ഞദിവസം സ്വകാര്യ ബസ് പുറകോട്ട് എടുത്തത് 8 കിലോമീറ്റർ ആണ് . ബസ്സിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. 28 വർഷമായി ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവറായ അംബുജാക്ഷൻ ആണ് കബാലിയിൽ നിന്ന് ആളുകളെ രക്ഷിക്കാൻ 8 കിലോമീറ്റർ ബസ് പുറകോട്ട് എടുത്തത്. 

 

ഇന്ന് രാവിലെ ഒരു കാറും ലോറിയും പുറകോട്ടെടുത്താണ് കബാലിയെ ശാന്തനാക്കിയത്. ആന ഷോളയാർ പവർഹൗസിന് സമീപത്തെ കാട്ടിലേക്ക് ഇറങ്ങിപ്പോകുകയായിരുന്നു. ചാലക്കുടിയിൽ നിന്ന് വാൽപ്പാറയിലേക്ക് പ്രതിദിനം രണ്ട് സ്വകാര്യ ബസ്സുകളും രണ്ട് കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇതുകൂടാതെ ഒട്ടേറെ വാഹനങ്ങൾ ചാലക്കുടി അതിരപ്പള്ളി വാഴച്ചാൽ പെരിങ്ങൽകുത്ത് ഷോളയാർ മലക്കപ്പാറ വാൽപ്പാറ വഴി പൊള്ളാച്ചിയിലേക്ക് പോകുന്നുണ്ട്. ഈ യാത്രക്കാരോടെല്ലാം വനംവകുപ്പ് കർശനമായി പറയുന്ന കാര്യം വന്യജീവികളെ ശല്യപ്പെടുത്തരുത് എന്നുള്ളതാണ്. ആനകളെ കണ്ടാൽ പ്രത്യേകിച്ച് കബാലിയെ കണ്ടാൽ  ഹോൺ അടിക്കരുത്. ഹെഡ് ലൈറ്റ് ഇടരുത്. ആനയുടെ അടുത്ത് പോയി ചിത്രമെടുക്കാൻ ശ്രമിക്കരുത് . ഈ മൂന്നു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഓർമിപ്പിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. 

 

അതിരപ്പള്ളി വാൽപ്പാറ റൂട്ടിൽ കാട്ടാനകൾക്ക് മുമ്പിൽ അകപ്പെട്ട വിനോദസഞ്ചാരികളുടെ പല ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രത്യേകമായ ദൃശ്യം ബൈക്ക് യാത്രക്കാരൻ കാട്ടാനയുടെ മുമ്പിൽ അകപ്പെട്ടതായിരുന്നു. മാള സ്വദേശിയായ ഡാറ്റ്സൻ ആയിരുന്നു ആ ബൈക്ക് യാത്രക്കാരൻ .സമചിത്തതയോടെ ബൈക്ക് ഓഫ് ചെയ്തു. ആനയുടെ മുന്നിൽ നിന്നപ്പോൾ ഉപദ്രവിക്കാതെ ആന കടന്നുപോയി. അതിരപ്പള്ളി വാൽപ്പാറ റൂട്ടിൽ ഒട്ടേറെ ആനതാരകളുണ്ട്. ആനകൾ കടന്നു പോകുന്ന സ്ഥലം. ഈ സ്ഥലങ്ങളിലെല്ലാം കൃത്യമായ വേഗത രേഖപ്പെടുത്തിയിട്ടുണ്ട്. ആ വേഗതയിൽ മാത്രമേ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളൂ. കാട്ടിലൂടെയുള്ള റോഡാണ് ഈ റൂട്ട് അതുകൊണ്ടുതന്നെ വന്യജീവികളുടെ ഇടമാണ്. അവരെ പ്രകോപിപ്പിക്കാതെ അവരെ ശല്യപ്പെടുത്താതെ യാത്ര ചെയ്ത് ശീലിക്കണം എന്നുള്ളതാണ് ഉദ്യോഗസ്ഥർ പറയുന്നത്.