ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി പൊലീസ്. സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും ബ്ലാക് സ്പോട്ടുകളായി പ്രഖ്യാപിച്ച ഇടങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്ന് ഡിജിപി അറിയിച്ചു. ഈ മേഖലകളില്‍ പട്രോളിങ്ങ് ഉറപ്പാക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. പ്രധാന ജംങ്്ക്ഷനുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പൊലീസ് സാന്നിധ്യം ഉറപ്പാക്കുമെന്ന് തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ഡിജിപി പറഞ്ഞു.

 

സ്നാനഘട്ടങ്ങളില്‍ വേണ്ടത്ര വെളിച്ചം ഉറപ്പാക്കാനും ആഴം സൂചിപ്പിക്കുന്ന ബോര്‍‍ഡുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പൊലീസ് മേധാവിമാരും റേഞ്ച് ഡിഐജിമാരും സോണ്‍ ഡിഐജിമാരും യോഗത്തില്‍ പങ്കെടുത്തു.