കൊച്ചിയില്‍ എസ്എഫ്ഐ നേതാവിന് പൊലീസ് മര്‍ദനം. പള്ളുരുത്തി ഏരിയ വൈസ് പ്രസിഡന്‍റ് പി.എസ് വിഷ്ണുവിനെയാണ് പള്ളുരുത്തി എഎസ്ഐ മര്‍ദിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് വാഹനത്തില്‍ പിടിച്ചുകയറ്റിയത് മാത്രമാണെന്നാണ് പൊലീസിന്‍റെ വിശദീകരണം.

 

ഉച്ചയ്ക്ക് ഇടക്കൊച്ചി അക്വിനാസ് കോളജിന് സമീപം വാഹനപരിശോധനയ്ക്കിടെയാണ് മര്‍ദനം. ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ എഎസ്ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു. മറ്റ് വിദ്യാര്‍ഥികള്‍ക്ക് മുന്‍പില്‍ വെച്ച് എഎസ്ഐ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോളായിരുന്നു ആക്രമണമെന്നാണ് വിഷ്്ണുവിന്‍റെ വാദം. എസ്എഫ്ഐ ഏരിയാ സെക്രട്ടറിയാണെന്ന് പറഞ്ഞെങ്കിലും ജീപ്പിലേക്ക് ബലം പ്രയോഗിച്ച് പിടിച്ചുകയറ്റി. പിന്നീട് നെഞ്ചില്‍ മുഷ്ടിചുരുട്ടി തുടരെ ഇടിച്ചു. മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും എസ്എഫ്ഐ പുറത്തുവിട്ടു.  

 

കരുവേലിപ്പടി ആശുപത്രിയില്‍ ചികിത്സയിലാണ് വിഷ്ണു. എന്നാല്‍ വിഷ്ണുവിന്‍റെയും എസ്എഫ്ഐയുടെയും വാദം പള്ളുരുത്തി പൊലീസ് പൂര്‍ണമായും തള്ളി. വാഹനപരിശോധന നടത്തിയ പൊലീസുകാരെ വിഷ്ണു തുടരെ അസഭ്യം വിളിച്ചു. ഇതോടെ ജീപ്പില്‍ കയറ്റിയതല്ലാതെ മര്‍ദിച്ചിട്ടില്ലെന്ന് പൊലീസ്. കൃത്യനിര്‍വഹണത്തിന് തടസം നിന്നതിന് കേസെടുത്ത ശേഷം വൈദ്യ പരിശോധന നടത്തിയാണ് വിട്ടയച്ചതെന്നും പള്ളുരുത്തി പൊലീസ് വിശദീകരിക്കുന്നു.

 

SFI leader beaten up by police