മലപ്പുറം കീഴ്ശേരിയില്‍ മഫ്തിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. മുന്‍പ് ഹൃദയ ശസ്ത്രക്രീയയ്ക്ക് വിധേയനായ പ്ലസ് വണ്‍ വിദ്യാര്‍ഥി മൊറയൂര്‍ ചാത്തന്‍പടി ഉണ്ണിപ്പിലാക്കല്‍ മുഹമ്മദ് അന്‍ഷിദിന് ക്രൂരമര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റു. ഈ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡ്യൂട്ടിയില്ലാത്ത ഉദ്യോഗസ്ഥനാണ് വിദ്യാര്‍ഥികളെ മര്‍ദ്ദനത്തിന് ഇരയാക്കിയത്.
സ്കൂള്‍ കലോല്‍സവം കഴിഞ്ഞ് മടങ്ങാന്‍ കാത്തു നില്‍ക്കുബോള്‍ ബസ് സ്റ്റോപ്പില്‍ വച്ച് അപ്രതീക്ഷിതമായി പൊലീസ് ഉദ്യോഗ്സഥന്‍ അന്‍ഷിദ് അടക്കമുളള വിദ്യാര്‍ഥികളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കഴുത്തിനു പിന്നിലും ദേഹത്തുമെല്ലാം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഉപദ്രവിക്കരുതെന്നും അപേക്ഷിച്ചിട്ടും ചെവിക്കൊളളാതെ മര്‍ദ്ദനം തുടര്‍ന്നു.
ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികള്‍ക്കും മര്‍ദ്ദനം ഏറ്റിട്ടുണ്ട്. മുന്‍പ് ഹൃദയ ശസ്ത്രീയയ്ക്ക് വിധേയനായ അന്‍ഷിദിനെ ശ്വാസ തടസവും ആരോഗ്യ പ്രശ്നങ്ങളും അലട്ടുകയാണ്. മര്‍ദ്ദിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ നല്‍കിയ പരാതി പിന്‍വലിക്കണം എന്നും ഒത്തു തീര്‍പ്പാക്കാം എന്നും അറിയിച്ച് പല കോണുകളില്‍ നിന്നും കുടുംബത്തിന് സമ്മര്‍ദ്ദവും ഭീഷണിയുമുണ്ട്.
കലോല്‍സവത്തിനിടെ സ്കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കുട്ടികള്‍ തമ്മിലുളള പ്രശ്നത്തില്‍ മറ്റൊരു സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ നിയമം കയ്യിലെടുക്കുന്നത് എന്തിനാണന്ന ചോദ്യവും ബാക്കിയാണ്. ഈ തര്‍ക്കങ്ങളിലൊന്നും ഇടപെടാത്ത വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കുടുംബം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
The policeman beat students