സംസ്ഥാനത്തെ ടൂറിസം സാധ്യതയുള്ള നഗരങ്ങളിൽ നൈറ്റ് ലൈഫ് ടൂറിസം ആരംഭിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം കനകക്കുന്നിലാണ് നൈറ്റ് ലൈഫ് ടൂറിസത്തിന് തുടക്കമാവുക. മാറിയ കാലം മാറണം ടൂറിസം എന്ന പേരിൽ മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടായ്മയിലാണു മന്ത്രിയുടെ പ്രഖ്യാപനം. അടുത്ത വർഷത്തോടെ ടൂറിസത്തിന് വ്യവസായ പദവി നല്‍കുന്നതിനായുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

 

മാറിയ കാലം മാറണം ടൂറിസം എന്ന മലയാള മനോരമയുടെ ആശയക്കൂട്ടായ്മയില്‍ ടൂറിസവുമായി ബന്ധപ്പെട്ടുള്ള സംരംഭകരെയും സഞ്ചാരികളെയും വിദഗ്ധരെയും അടക്കം കേട്ടശേഷമാണ് നൈറ്റ് ലൈഫ് ടൂറിസം അടക്കമുള്ള കാര്യങ്ങളില്‍ മന്ത്രി മുഹമ്മദ് റിയാസ് നിലപാട് വ്യക്തമാക്കിയത്. നൈറ്റ് ലൈഫ് ടൂറിസം ആദ്യം ആരംഭിക്കുക കനകക്കുന്നിലാണെങ്കിലും പിന്നാലെ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലും പദ്ധതി നടപ്പാക്കും. ഇതിനായുള്ള പ്രാഥമിക ചർച്ചകൾ തുടങ്ങിയെന്നും മുഖ്യമന്ത്രിയുമായി ആലോചന നടത്തിയെന്നും മന്ത്രി പറഞ്ഞു.

 

കേരളാ ടൂറിസത്തിന്റെ പ്രചാരണത്തിനായി കഴിയാവുന്ന രാജ്യങ്ങളിലെല്ലാം ടൂറിസം ക്ലബ്ബുകൾ തുടങ്ങും. വിദേശരാജ്യങ്ങളിലെ മലയാളികളെ അവിടെ കേരളാ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി മാറ്റും. അടുത്ത വർഷത്തോടെ ടൂറിസത്തിന് വ്യവസായ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നുംവ്യവസായ, ധനകാര്യ മന്ത്രിമാരുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ പദ്ധതി തയാറാക്കാൻ ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

 

മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു അധ്യക്ഷനായിരുന്നു. മുൻ വ്യവസായ-ടൂറിസം സെക്രട്ടറി ടി.ബാലകൃഷ്ണനായിരുന്നു മോഡറേറ്റര്‍. ആശയക്കൂട്ടായ്മയിലുയർന്ന നിർദേശങ്ങൾ തുടർനടപടിക്കായി സർക്കാരിന് കൈമാറും. 

night life tourism kerala