പൊതുമരാമരത്ത് റോഡുകളിൽ കുഴികൾ കുറവാണെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയ്ക്കായി തിരുവനന്തപുരം കാട്ടാക്കടയിലെ സംസ്ഥാന പാതയുടെ കാഴ്ച. കുഴിയല്ല റോഡ് തന്നെ ഉണ്ടോയെന്ന് സംശയം തോന്നും മന്ത്രിക്ക് ഇവിടെ എത്തിയാൽ. 

 

മന്ത്രി മുഹമ്മദ് റിയാസിന്റെ കുഴിയെണ്ണൽ പ്രസ്താവന കണ്ട് ഒരു പ്രേക്ഷകൻ വിളിച്ച് പറഞ്ഞത് അനുസരിച്ചാണ് കാട്ടാക്കട-നെയ്യാർ ഡാം റോഡിലെത്തിയത്. എണ്ണിയൊലൊടുങ്ങാത്ത കുഴിയെണ്ണി മടുത്തപ്പോൾ ഒരു കാര്യം മനസിലായി. ഇതിലും ഭേദം ആകാശത്ത് നോക്കി നക്ഷത്രം എണ്ണുന്നത് ആണ്. പരാതി പറഞ്ഞ് മടുത്ത് നടുവൊടിഞ്ഞ് ജനം, എന്നെങ്കിലും ഇതുവഴി വി.ഐ.പി യാത്രയുണ്ടാകണമേയെന്ന പ്രാർഥനയിലാണ്. നെയ്യ്റോസ്റ്റ് പോലെ ടാർ റോഡിൽ തേച്ചുമിനുക്കം. ഒറ്റ മഴയ്ക്ക് ഇതുപോലെ കള്ളി വെളിച്ചത്താകും.

 

അതേസമയം, താൽക്കാലികമായി പാച്ച് വർക്ക് നടത്താൻ മുപ്പതര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ, മെറ്റലും മറ്റും ലഭിക്കാത്തതിനാൽ നിർമാണപ്രവർത്തനം തുടങ്ങാനായില്ലെന്നാണ് സ്ഥലം എം.എൽ.എ ജി.സ്റ്റീഫൻ പറയുന്നത്. റോഡ് പുതുക്കാൻ മൂന്നര കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ടെൻഡർ നടപടികൾ ആരംഭിച്ചിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു. നെയ്യാർ ഡാം പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ്. അവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളെ മനസിൽ ഓർത്ത്, ടൂറിസം മന്ത്രി കൂടിയായ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഈ റോഡ് നന്നാക്കണം.