റോഡുകളുടെ തകര്‍ച്ചയില്‍ മഴയെ കുറ്റം പറഞ്ഞ് പൊതുമരാമത്ത് മന്ത്രി. പുതിയ പാറ്റേണില്‍ മഴ പെയ്യുന്നത് റോഡുകള്‍ വേഗം കുഴിയാകാന്‍ കാരണമാകുന്നുവെന്നാണ് മുഹമ്മദ് റിയാസിന്റെ ആരോപണം. കുഴിയില്‍ വീണ് മരിച്ചവരുടെ കുടുംബത്തിന് സഹായം നല്‍കുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ റോഡ് നിര്‍മാണത്തില്‍ ക്രമക്കേടെന്ന പരാതി കൂടിയതോടെ സംസ്ഥാനത്തെ നൂറിലധികം റോഡുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന തുടങ്ങി.
റോഡില്‍ വീണ് യാത്രക്കാരുടെ നടുവൊടിയുന്നതിനൊപ്പം ജീവനും പൊലിഞ്ഞ് തുടങ്ങി. മഴ മാറിയിട്ടും റോഡിലെ കുഴികള്‍ക്ക് മാത്രം കാര്യമായ മാറ്റവുമില്ല. ഇതിനിടയിലും എല്ലാത്തിനും കാരണം മഴയെന്നാണ് മന്ത്രിയുടെ പഴി. വെറും മഴയല്ല, രൂപവും ഭാവവും മാറിയ കേരളത്തിലെ പുതിയ മഴ.
മന്ത്രി മഴയെ വില്ലനാക്കുമ്പോള്‍ റോഡ് നിര്‍മാണത്തിന് പിന്നിലെ അഴിമതിയാണ് കുഴിയ്ക്ക് കാരണമെന്ന് ഉറപ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലെ വിജിലന്‍സ്. നിര്‍മാണമോ അറ്റകുറ്റപ്പണിയോ നടത്തി ആറ് മാസത്തിനുള്ളില്‍ പൊളിഞ്ഞ നൂറിലധികം റോഡുകളിലാണ് ഒരുമാസത്തിനിടയിലെ രണ്ടാം മിന്നല്‍ പരിശോധന നടത്തിയത്.
കരാറില്‍ പറഞ്ഞിരിക്കുന്ന അളവിലും രീതിയിലും നിര്‍മാണം നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ആദ്യഘട്ട പരിശോധനയില്‍ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി വ്യാപകമെന്ന് കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് ഫലം കൂടി ലഭിച്ച ശേഷം ഉദ്യോഗസ്ഥരുടെ പട്ടിക ഉള്‍പ്പെടെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലെ സംഘത്തിന്റെ തീരുമാനം.