അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടൻ കൈലാഷ്. വീട്ടിലെ കിടക്കയിൽനിന്ന് താഴെവീണ ജോൺപോളിനെ എഴുന്നേൽപ്പിക്കാൻ ഫയർഫോഴ്‌സിന്റെയടക്കം സഹായം തേടിയിട്ടും ആരുമെത്തിയില്ലെന്ന് കൈലാഷ് പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നിഷേധിച്ചു.
ജോൺപോളിന് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് നിർമാതാവ് ജോളി ജോസഫാണ് ഫെയ്സ്ബുക്കിൽ എഴുതിയത്. കഴിഞ്ഞ ജനുവരിയിൽ കട്ടിലിൽ നിന്ന് വീണ ജോൺപോൾ എഴുന്നേൽക്കാൻ കഴിയാതെ തന്നെ വിളിച്ച് സഹായം തേടിയെന്ന് ജോളി ജോസഫ് പറയുന്നു. എന്നാൽ ഷൂട്ടിങ്ങിലായിരുന്ന തനിക്ക് എത്താൻ കഴിയാത്തതിനാൽ നടൻ കൈലാഷിനെ ബന്ധപ്പെട്ടു. ജോൺപോളിന്റെയടുക്കൽ എത്തിയ കൈലാഷ് ഫയർഫോഴ്സിന്റെ സഹായം തേടിയപ്പോൾ ആംബുലൻസുകാരെ വിളിക്കാനായിരുന്നു മറുപടി. എന്നാൽ ആംബുലൻസുകാരെ വിളിച്ചപ്പോൾ ആശുപത്രിയിൽ എത്തിക്കാനാണെങ്കിൽ മാത്രമെ എത്താൻ കഴിയുള്ളുവെന്നായിരുന്നു മറുപടിയെന്ന് കൈലാഷ് പ്രതികരിച്ചു. ഒടുവിൽ പാലാരിവട്ടം സ്റ്റേഷനിലെ പൊലീസുകാരുടെ സഹായത്തോടെ എത്തിയ ആംബുലൻസ് ജീവനക്കാരുടെയടക്കം പ്രയത്നത്തിൽ ജോൺപോളിനെ കട്ടിലിലേക്ക് എടുത്ത് കിടത്തുമ്പോൾ മണിക്കൂറുകൾ പിന്നിട്ടിരുന്നുവെന്ന് കൈലാഷ് പറഞ്ഞു.
ഫയർഫോഴ്സിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷം വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.