മലയാള ചലച്ചിത്ര, സാംസ്കാരിക രംഗത്തു പ്രതിഭയുടെ ചാമരം വീശിയ തിരക്കഥാകൃത്ത് ജോൺ പോളിന്റെ വിയോഗത്തിൽ തീരാവേദനയോടെ നടൻ ഇന്നസെന്റ്. എക്കാലത്തെയും മികച്ച തിരക്കഥാകൃത്തിനെയും അതിലുപരി തന്റെ ആത്മാർഥ സുഹൃത്തിനെയുമാണ് നഷ്ടമായിരിക്കുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു. ജോൺ പോളിലൂടെ സിനിമയിൽ തനിക്കു ലഭിച്ച അവസരങ്ങളെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു.
‘നാല് പതിറ്റാണ്ടുകൾക്കു മുൻപേ തൃശൂരിൽ വച്ചാണ് ജോൺ പോളിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. ഒരു സിനിമയുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്കു വേണ്ടിയായിരുന്നു ആ കൂടിക്കാഴ്ച. സംവിധായകൻ മോഹൻ പറഞ്ഞതനുസരിച്ച് ഞാൻ ആണ് ജോൺ പോളിനെ അന്ന് ബസ് സ്റ്റാൻഡിൽ ചെന്നു സ്വീകരിച്ചത്. ഞാനും എന്റെ സഹനിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകൻ മോഹനും ചേർന്നു ജോൺ പോളുമായി നടത്തിയ ചർച്ചകൾക്കു ശേഷം ‘വിടപറയും മുൻപേ’ എന്ന ചിത്രം പിറന്നു. ആ സിനിമ നൂറ് ദിവസം പ്രദർശനം നടത്തുകയും ചെയ്തു.
നിർമാതാവായി നിന്ന കാലത്തും അഭിനയമോഹമായിരുന്നു എന്റെ മനസ്സിൽ. ‘കാതോടു കാതോരം’ എന്ന ചിത്രത്തിൽ ഞാൻ കപ്യാരുടെ വേഷം അവതരിപ്പിച്ചത് ജോൺ പോളിന്റെ നിർദേശപ്രകാരമായിരുന്നു. ആ കഥാപാത്രത്തെ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്തു. അതുപോലെ ജോൺ പോളിന്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത ‘കേളി’യിലും എനിക്ക് അവസരം ലഭിച്ചു.
സിനിമയ്ക്കു പുറത്തും ഞങ്ങൾ തമ്മിൽ വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. ജോൺ പോൾ എന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ വലിയ സൗഹൃദം എന്നും സൂക്ഷിച്ചുപോന്നു. കുടുബവുമായും നല്ല സൗഹൃദം നിലനിന്നിരുന്നു. എന്റെ ശീലങ്ങളിൽ നല്ലതിനെ നല്ലതായും മോശമായവയെ അത്തരത്തിലും അദ്ദേഹം വിലയിരുത്തുകയും പലതും പറഞ്ഞു മനസ്സിലാക്കി തരികയും ചെയ്തിരുന്നു.
ജോൺ പോളിന്റെ മരണവാർത്ത ഞാൻ കേൾക്കേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കാരണം, അതിനേക്കാൾ എത്രയോ വർഷങ്ങൾക്കു മുൻേപ പോകേണ്ടിയിരുന്നതാണ് ഞാൻ. വിധി എന്നു മാത്രമേ ഇപ്പോൾ പറയാനുള്ളു. ദൈവം തീരുമാനിച്ചതുപോലെ എല്ലാം നടക്കുന്നു. എനിക്കു നഷ്ടപ്പെട്ടത് എന്റെ വലിയ സുഹൃത്തിനെയാണ്. സിനിമാലോകത്തിനു നഷ്ടമായത് മികച്ച ഒരു തിരക്കഥാകൃത്തിനെയും.