കാടുകയറ്റിയ ആനകള്‍ മൂന്നുദിവസത്തെ ഇടവേളയ്ക്ക് ശേഷം തൃശൂര്‍ പാലപ്പിള്ളിയിലെ റബര്‍ തോട്ടങ്ങളില്‍ മടങ്ങിയെത്തി. ആനകളെ തുരത്താന്‍ വനംവകുപ്പ് അധികൃതരും ടാപ്പിങ് തൊഴിലാളികളും ശ്രമം തുടങ്ങി.
കാട്ടിലേക്ക് തുരത്തിയ ആനകളില്‍ 15 എണ്ണം മടങ്ങിയെത്തി കുറുമാലി പുഴയിലും തോട്ടങ്ങളിലുമായി നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ രാത്രി എലിക്കോട് ഭാഗത്തും കാട്ടാനകള്‍ എത്തിയിരുന്നു. അമ്പതോളം കാട്ടാനകള്‍ എസ്റ്റേറ്റില്‍ പലഭാഗങ്ങളിലായി വിഹരിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. കഴിഞ്ഞയാഴ്ച പുതുക്കാട് എസ്റ്റേറ്റ് പരിസരത്തുനിന്നും കാടുകയറ്റിയ കാട്ടാനകള്‍ റബര്‍ എസ്റ്റേറ്റിന്റെ മറുവശത്തുകൂടി വീണ്ടുമെത്തിയെന്നാണ് കരുതുന്നത്. ഇതോടെ തൊഴിലാളികള്‍ ആശങ്കയിലായി.
കാട്ടാനകളുടെ സഞ്ചാരപഥങ്ങളും നിലവിലുള്ള ആനത്താരകളുടെയും ഡിജിറ്റല്‍ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് പാലപ്പിള്ളി റേഞ്ച് അധികൃതര്‍. പാലപ്പിള്ളി ജനവാസ മേഖലയില്‍ നിന്നും തോട്ടങ്ങളില്‍ നിന്നും കാട്ടാനകളെ തുരുത്താന്‍ വയനാട്ടില്‍ നിന്നും വാച്ചര്‍മാരെ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കാടിനെയും ആനകളുടെ സഞ്ചാരത്തെയും കുറിച്ച് ഇവര്‍ക്ക് ധാരണ നല്‍കാനും ഡിജിറ്റല്‍ മാപ്പ് ഉപകരിക്കുമെന്ന് റേഞ്ച് ഓഫിസര്‍ കെ.പി. പ്രേംഷമീര്‍ പറഞ്ഞു. രണ്ടാഴ്ചയോളം ഈ ഭാഗത്ത് തമ്പടിച്ച കാട്ടനാകളെ ഏറെ പണിപ്പെട്ടാണ് കാടുകയറ്റിയത്.