ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക ബാവയുടെ ഓർമകൾക്ക് മുൻപിൽ നിറകണ്ണുകെളുമായി കെ.എസ്. ചിത്ര. ദേവലോകം അരമനയിൽ കാതോലിക്ക ബാവയുടെ കബറിടത്തിലെത്തി ചിത്ര ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് ഇടയിലാണ് വികാരനിർഭര രംഗങ്ങൾ.
പരുമല സെന്റ് ഗ്രിഗോറിയോസ് കാന്‍സര്‍ കെയര്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്നേഹസ്പര്‍ശം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി എത്തിയതുമുതല്‍ തുടങ്ങുന്നു ചിത്രയും ബാവയും തമ്മിലുള്ള ആത്മബന്ധം. നിറചിരിയോടെ തന്നെ സ്വീകരിച്ചിരുന്ന ബാവയുടെ ഓർമകൾ ചിത്രയെ കണ്ണീരിലാഴ്ത്തി.
കാൻസർ രോഗികളെ സഹായിക്കാൻ കാതോലിക്ക ബാവ വിഭാവനം ചെയ്ത പദ്ധതിയാണ് സ്നേഹസ്പര്‍ശം. ഈ പദ്ധതിക്കുവേണ്ടി സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ കെ.എസ്. ചിത്ര സജീവ സാന്നിധ്യമായി. ചിത്രയുടെ കൃഷ്ണ ഭക്തി നേരിട്ട് മനസിലാക്കിയ ബാവ ഒരിക്കല്‍ ഒരു കൃഷ്ണ വിഗ്രഹം തന്നെ സമ്മാനമായി നല്‍കി. ചിത്രയ്ക്കുള്ള സഭയുടെ ആദരമായാണ് പരുമല ആശുപത്രിയിലെ കീമോതെറപ്പി കേന്ദ്രത്തിന് മകള്‍ നന്ദനയുടെ പേര് നൽകിയത്.