സോഫ്റ്റ് വെയര്‍ നവീകരണവുമായി ബന്ധപ്പെട്ട് ട്രഷറി സേവിങ്സ് ബാങ്ക് (ടിഎസ്ബി) ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് നേരിട്ടിരുന്ന തടസം പരിഹരിച്ചു. ഓണ്‍ലൈന്‍ സംവിധാനത്തിലെ പുതിയ അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും ഓണ്‍ലൈൻ പണമിടപാടിന് നേരിട്ടിരുന്ന കാലതാമസവുമാണ് പരിഹരിക്കപ്പെട്ടത്. മെയ് പതിനാലോട് കൂടി പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സേവനങ്ങൾ ലഭിച്ചില്ല. തുടർന്ന് മനോരമ ന്യൂസ് ഡോട് കോം പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കി വാർത്ത നല്‍‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കോവിഡ് വ്യാപനം കണക്കാക്കി ട്രഷറിയിൽ നേരിട്ടെത്താൻ പെൻഷൻകാരുൾപ്പെടെയുള്ളവർ നേരിട്ട വെല്ലുവിളിക്കാണ് ഇതോടെ പരിഹാരമായത്.

 

https://tsbonline.kerala.gov.in/ എന്ന ട്രഷറിയുടെ വെബ്സൈറ്റിലെ ഓണ്‍ലൈന്‍ സേവനങ്ങളാണ് മാർച്ച് മുതൽ തടസം നേട്ടത്. ഇപ്പോൾ ഈ വെബ്സൈറ്റിലെ ന്യൂ റെജിസ്ട്രേഷൻ സംവിധാനത്തില്‍ അക്കൗണ്ട് വിവരങ്ങൾ നൽകാനും ഓൺലൈൻ അക്കൗണ്ട് തുടങ്ങാനും സാധിക്കും. ഈ അക്കൗണ്ടിലൂടെ പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻഫർ ചെയ്യാം. കോവിഡ് കാലത്തും തുടർന്നും പെൻഷന്കാരുൾപ്പെടെ ഉള്ളവർക്ക് ലഭിക്കുന്ന വലിയ സേവനമാകും ഇത്.

'കോവിഡിലും ട്രഷറിയിൽ പോകാതെ രക്ഷയില്ലേ?; ഓണ്‍ലൈന്‍ സേവനങ്ങൾ എപ്പോൾ ലഭിക്കും?'

അക്കൗണ്ടുള്ളവരുടെ പണം ട്രാൻസ്ഫർ ചെയ്യുമ്പോള്‍ ക്രഡിറ്റാവാൻ ദിവസങ്ങൾ കാലതാമസമുണ്ടായിരുന്നു. ഈ പ്രശ്നത്തിനും ഇതോടെ പരിഹാരമാകുകയാണ്. 

 

ട്രഷറിയുടെ ഓൺലൈൻ സംവിധാനം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നടക്കുമെന്ന് ഡിപ്പാർട്ട്മെന്റ് ചീഫ് കോർഡിനേറ്റർ രഘുനാഥൻ ഉണ്ണിത്താൻ മനോരമ ന്യൂസ് ഡോട് കോമിനോട് പറ‍ഞ്ഞു. സെർവർ പൂർണമായും പുനസ്ഥാപിച്ചെന്നും ഇനി തടസ്സങ്ങൾ നേരിടില്ലെന്നും അദ്ദേഹം ഉറപ്പ് പറയുന്നു.

 

ട്രഷറിയിൽ നിന്നുള്ള പണം പിൻവലിക്കാൻ നിലവിൽ എടിഎം സൗകര്യമില്ല. നേരിട്ടെത്തിയോ ഓണ്‍ലൈന്‍ വഴിയോ മാത്രമേ പണം പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഈ  സാഹചര്യത്തിലാണ് ടിഎസ്ബി സേവനങ്ങൾക്ക് കാലതാമസം നേരിട്ടത്. ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ ഇടപെടലോടെ കോവിഡിൽ വലഞ്ഞ മുതിർ‍ന്ന പൗരന്മാർക്ക് ഉൾടെയുള്ളവർക്കാണ് ആശ്വാസമാകുന്നത്.