tsbonlineissue

ട്രഷറി സേവിങ്സ് ബാങ്ക് (ടിഎസ്ബി) ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി നേരിടുന്ന തടസം അനിശ്ചിതമായി തുടരുന്നു. സോഫ്റ്റ് വെയര്‍ നവീകരണവുമായി ബന്ധപ്പെട്ട് ലഭിക്കാതിരുന്ന സേവനങ്ങള്‍ ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല. ഓണ്‍ലൈന്‍ സംവിധാനത്തിലെ പുതിയ അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യമാണ് പൂർണമായി നിലച്ചിരിക്കുന്നത്. മുന്‍പ് രജിസ്്ട്രേഷന്‍ നടത്തിയവർക്ക് ട്രഷറി അക്കൗണ്ടിൽ നിന്ന് ഓണ്‍ലൈൻ പണമിടപാട് നടത്താന്‍ ബുദ്ധിമുട്ട് നേരിടുന്നതായും പരാതിയുണ്ട്. 

 

ട്രഷറിയിൽ നിന്നുള്ള പണം പിൻവലിക്കാൻ നിലവിൽ എടിഎം സൗകര്യമില്ല. നേരിട്ടെത്തിയോ ഓണ്‍ലൈന്‍ വഴിയോ മാത്രമേ പണം പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഈ  സാഹചര്യത്തിലാണ് ടിഎസ്ബിയിൽ പുതിയ അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യം പൂർണമായി നിലച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം മൂലമുള്ള പ്രതിസന്ധിയിൽ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് പ്രതീക്ഷിച്ചവരാണ് ദുരിതത്തിലായത്. 

 

https://tsbonline.kerala.gov.in/ എന്ന ട്രഷറിയുടെ വെബ്സൈറ്റിലെ ഓണ്‍ലൈന്‍ സേവനങ്ങളാണ് മാർച്ച് മുതൽ തടസം നേരിടുന്നത്. പുതിയ സെർവറിലേക്കുളള ഡാറ്റ മാറ്റവുമായി ബന്ധപ്പെട്ടാണ് ഇത്. സെര്‍വര്‍ തകരാറുമൂലം ശമ്പള വിതരണ ദിവസങ്ങളില്‍ ട്രഷറി പ്രവര്‍ത്തനം തടസപ്പെടുന്നത് പതിവായിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് സെര്‍വര്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. 

 

ട്രഷറി അക്കൗണ്ടും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച് ട്രഷറി അക്കൗണ്ടിലെ പണം മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് നീക്കാനാണ് ടിഎസ്ബിയിലൂടെ സാധിച്ചിരുന്നത്. ഇതിനായി രജിസ്ട്രേഷന്‍ നടത്താനും ഇപ്പോള്‍ സാധിക്കുന്നില്ല. അതേസമയം, പണം ട്രാൻസ്ഫർ ചെയ്യുമ്പോള്‍ ക്രഡിറ്റാവാൻ മണിക്കൂറുകളുടെ താമസമുണ്ടെന്നാണ് മുൻപ് രജിസ്റ്റർ ചെയ്തവരുടെ പരാതി.

 

 'ഓണ്‍ലൈന്‍വഴി പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടിലേക്ക് നീക്കാന്‍ ആഴ്ചകളായി ശ്രമം നടത്തുന്നു. വീടിന് പുറത്തേയ്ക്ക് ഇറങ്ങാന്‍ സാധിക്കാത്ത ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സൗകര്യം ലഭിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ്?. കോവിഡ് മാത്രമല്ല കടൽ ക്ഷോഭവും ദുരിതത്തിലാക്കിയിരിക്കുന്ന സാഹചര്യമാണ് ഞങ്ങൾക്ക്. പൊലീസിൽ നിന്ന് വിരമിച്ച ആലപ്പുഴ ആറാട്ടുപുഴ സ്വദേശി സന്തോഷ് കുമാര്‍ പറയുന്നതിങ്ങനെ:

 

ട്രഷറി ഡയറക്ട്റേറ്റ് മെയ് 12 നു പുറത്തിറക്കിയ സൂചന അനുസരിച്ച് മെയ്14-ാടു കൂടി ഓണ്‍ലൈന്‍ സർവ്വീസ് പ്രവര്‍ത്തനക്ഷമമാകേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ ഡാറ്റാ ട്രാന്സ്ഫര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍ അടുത്ത ദിവസം തന്നെ അത് പരിഹരിക്കുമെന്നും അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോഴും ഓണ്‍ലൈന്‍ സേവനം ലഭ്യമാകാത്ത അവസ്ഥയാണ്.

 

വെബ്സൈറ്റിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉടന്‍ സേവനങ്ങൾ ലഭ്യമാകുമെന്നും ട്രഷറി ഡിപ്പാർട്ട്മെന്റ് ചീഫ് കോർഡിനേറ്റർ രഘുനാഥൻ ഉണ്ണിത്താൻ മനോരമ ന്യൂസ് ഡോട് കോമിനോട് പ്രതികരിച്ചു.

 

എന്നാൽ ഓണ്‍ലൈന്‍ സേവനങ്ങൾ പുനസ്ഥാപിക്കാനായില്ലെങ്കിൽ പെൻഷൻകാരുൾപ്പെടെ ട്രഷറികളിൾ നേരിട്ടെത്താൻ നിർബന്ധിതരാകും. നിലവിലെ സാഹചര്യത്തില്‍ ഇത് വെല്ലുവിളി സൃഷ്ടിക്കും. അത്കൊണ്ട് തന്നെ ടിഎസ്ബി സേവനങ്ങൾ എത്രയും പെട്ടെന്ന പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.