pjfutrurewb

കേരള കോണ്‍ഗ്രസിന്റെയും പിജെ ജോസഫിന്റെയും രാഷ്ട്രീയ നിലനില്‍പ് നിര്‍ണയിക്കുന്നതായിരിക്കും മേയ് രണ്ടിലെ ജനവിധി. മധ്യകേരളത്തില്‍ കരുത്ത് തെളിയിക്കുന്നതിനൊപ്പം യുഡിഎഫിലെ നിര്‍ണായക ശക്തിയാണെന്ന് ഉറപ്പിക്കാനും ജോസഫിന് കഴിയണം. കേരള കോണ്‍ഗ്രസ് എമ്മിനെതിരെനേരിട്ട്മല്‍സരിക്കുന്നയിടങ്ങളില്‍ കാലിടറിയാല്‍ വരാനിരിക്കുന്ന വെല്ലുവിളി വലുതായിരിക്കും.

 അര നൂറ്റാണ്ടായി തൊടുപുഴയോടും കേരള രാഷ്ട്രീയത്തോടും ചേർത്തു വയ്ക്കപ്പെട്ട പേരാണ് പി.ജെ.ജോസഫിന്റെത്. ഇടതായിരുന്നപ്പോഴും വലതായിരുന്നപ്പോഴും, മാണി ഗ്രൂപ്പ് ഒപ്പമുള്ളപ്പോഴും ഇല്ലാത്തപ്പോഴും തൊടുപുഴജോസഫിനെഎം.എല്‍.എയാക്കിയിട്ടുണ്ട്. 2001 ല്‍ പിടി തോമസിനോട് തോറ്റെങ്കിലും പിജെ പൂര്‍വാധികം ശക്തിയോടെ മടങ്ങിയെത്തി. കളം പിടിച്ചു. കെ എം മാണിയുടെ വിയോഗത്തോടെ യുഡിഎഫിന്റെ മധ്യകേരളത്തിലെ പടത്തലവനായി. ജോസ് കെ മാണിയെ പോലും തള്ളി കൂടെ നിര്‍ത്തിയ യുഡിഎഫിന്റെ പ്രതീക്ഷ പിജെ കാക്കുമോ.കേരള കോണ്‍ഗ്രസ് എം പിളര്‍ന്നപ്പോള്‍, പി.ജെ ജോസഫിനൊപ്പമാണ് അണികളെന്ന് വിശ്വസിച്ചാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടുന്ന യു.ഡി.എഫ് നേതൃത്വം ജോസിനെ തള്ളി ജോസഫിനെ കൂടെക്കൂട്ടിയത്. മധ്യകേരളത്തില്‍ ശക്തി തെളിയിക്കാനായെങ്കിലേ ജോസഫിനും കൂട്ടര്‍ക്കും ആ വിശ്വാസം കാത്തുസൂക്ഷിക്കാനാകു. മല്‍സരിച്ച പത്തിടങ്ങളില്‍ പകുതിയിലേറെയെങ്കിലും നേടാനാകണം. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിക്കും, രണ്ടില ചിഹ്നത്തിനും വേണ്ടി ജോസ് കെ മാണിയുമായി നടത്തിയ നിയമപോരാട്ടത്തില്‍ പൂര്‍ണമായി പരാജയപ്പെട്ടിരുന്നു പിജെ ജോസഫ്. തിരഞ്ഞെടുപ്പെന്ന ജനകീയ പോരാട്ടത്തില്‍ കൂടെ പരാജയപ്പെട്ടാല്‍ പിജെയ്ക്ക് അത് രാഷ്ട്രീയ ജീവിതത്തിലെ അവസാന ഘടത്തിലേക്കുള്ള ചുവടുവയ്പ്പാകും. വിജയിച്ചാല്‍ യഥാര്‍ഥ കേരള കോണ്‍ഗ്രസ് തന്റെതാണെന്ന വാദത്തിന് ബലമേറും. യുഡിഎഫില്‍ മധ്യകേരള രാഷ്ട്രീയത്തില്‍ അജയ്യനാണ് താനെന്ന് തെളിയും.ജയിച്ചാലും തോറ്റാലും  പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം ജോസഫിന്  തലവേദനയാകും. ആരാണ് രണ്ടാമനെന്നതിനെച്ചൊല്ലി ഫ്രാന്‍സിസ് ജോര്‍ജും മോന്‍സ് ജോസഫും തമ്മിലുള്ള തര്‍ക്കം പാര്‍ട്ടി പുനസംഘടനയ്ക്കുപിന്നാലെ പരസ്യമായി. മുന്നണിക്ക് അധികാരം കിട്ടിയില്ലെങ്കില്‍ ജോസഫിലേക്ക് ചേക്കേറിയവര്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരിച്ച് പോകാനുള്ള സാധ്യതയും തള്ളികളയാനാകില്ല.