azhikodewb

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലേത്. കെ എം ഷാജിയുടെ സ്ഥാനാര്‍ത്ഥിത്വമാണ് അതിന് കാരണം. അയ്യായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നു. സീറ്റ് നിലനിര്‍ത്തുമെന്ന കാര്യത്തില്‍ യുഡിഎഫിന് ആത്മവിശ്വാസക്കുറവ് ഒട്ടുമില്ല. 

ആഴീക്കോടെ വിജയം ഇരു മുന്നണികള്‍ക്കും അഭിമാനപ്രശ്നമാണ്. പ്ലസ് ടു കോഴ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച്  മൂന്നാം അങ്കത്തിനിറങ്ങിയ കെ എം ഷാജിയാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസത്തിനുള്ള പ്രധാന ഘടകം. സ്ഥാനാര്‍ഥിയുടെ ജനകീയത വോട്ടാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. 

ഷാജിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ലീഗിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പ്രശ്നം പരിഹരിക്കാനായതും കെ സുധാകരന്‍റെ നേതൃത്വത്തിലുള്ള പ്രചാരണവും കെ എം ഷാജിയുടെ ആത്മവിശ്വാസം കൂട്ടുന്നു. ഇടതുപക്ഷ അനുഭാവികളായ യുവാക്കളുടെ വോട്ടുകളില്‍ വിള്ളലുണ്ടായെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തിളങ്ങിയ കെ വി സുമേഷിനെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയത്. യുവ മുഖം എന്ന അനുകൂല ഘടകമുണ്ട്. പി ജയരാജന് ചുമതലയുള്ള മണ്ഡലമായതിനാല്‍ തന്നെ എല്‍ഡിഎഫിന് പ്രതീക്ഷകളേറെയാണ്. പ്രചാരണത്തില്‍ മുന്നേറാനായെന്നും 

എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു.പ്ലസ് ടു കോഴ ആരോപണവും മണ്ഡലത്തിലെ വികസന മുരടിപ്പും എല്‍ഡിഎഫ് പ്രചാരണ ആയുധമാക്കി. സര്‍ക്കാരിനെതിരായ അഴിമതിയാരോപണങ്ങളും മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും യുഡിഎഫ് ചര്‍ച്ചയാക്കി.