കടുത്ത മല്‍സരം നടന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ ഇത്തവണത്തെ മല്‍സരഫലം പ്രവചനാതീതം. ഉറപ്പായും പിടിച്ചെടുക്കാമെന്ന് ബി.ജെ.പി. പ്രതീക്ഷിക്കുന്നമണ്ഡലത്തില്‍വോട്ടുകച്ചവടമൊക്കെ ഇതിനകം ആരോപിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ പോളിങ് കഴിഞ്ഞിട്ടും വോട്ട് കണക്ക് മുന്നണികള്‍ക്ക് പിടികൊടുത്തിട്ടില്ല.
യു.ഡി.എഫ്. തട്ടകമായിരുന്ന മഞ്ചേശ്വരത്ത് 2006ല്‍ നേടിയ അട്ടിമറി വിജയമാണ് ഇടതുമുന്നണിയുെട പ്രതീക്ഷ. കാലങ്ങളായി രണ്ടാം സ്ഥാനത്ത് തുടരുന്നതും 2016ല്‍ വെറും 89 വോട്ടിന് തോറ്റതും ഇത്തവണ ആവര്‍ത്തിക്കില്ലെന്ന് ബി.ജെ.പി. പറയുന്നു. നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ സിറ്റിങ് എം.എല്‍.എയ്ക്ക് സീറ്റ് നല്‍കാതെ യുവനേതാവിനെ രംഗത്തിറക്കിയതുവഴി മല്‍സരത്തില്‍ മേല്‍ക്കൈ നേടിയെന്ന് യുഡിഎഫ് അവകാശവാദവും. ഫലം വരാന്‍ നാലുനാളുകള്‍ ശേഷിക്കെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരത്തെ മല്‍സര ഫലം പ്രവചനാതീതമാവുകയാണ്. ശക്തികേന്ദ്രങ്ങളായ മംഗല്‍പാടി, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളില്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിനേക്കാള്‍ അയ്യായിരത്തോളം വോട്ടുകള്‍ വര്‍ധിച്ചത് ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അതേസമയം എന്‍ഡിഎയ്ക്ക് സ്വാധീനമുള്ള അന്‍പതോളം ബൂത്തുകളില്‍ പോളിങ് 80 ശതമാനം കടന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ മണ്ഡലം ആര്‍ക്കൊപ്പമെന്നു പ്രവചിക്കുക അസാധ്യമാവുകയാണ്. എല്‍ഡിഎഫ് ഭരിക്കുന്ന പൈവളികെ, വോര്‍ക്കാടി, പുത്തിഗെ പഞ്ചായത്തുകളില്‍ പോളിങ് കൂടുതലാണെങ്കിലും അടിയൊഴുക്കില്ലാതെ ജയിക്കില്ലെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ അടക്കംപറച്ചില്‍ .