മകനെതിരായ സമൂഹമാധ്യമങ്ങളിലെ `കൊലവിളിക്ക് വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ് സുഹ്റ മമ്പാട് മാസ് ഡയലോഗിലൂടെ നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മകനെ ഇല്ലാതാക്കാൻ മാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. എന്ന ചോദ്യം ഒരു തന്റേടിയായ ഉറച്ച നിലപാടുള്ള ഒരു ഉമ്മയുടേത് മാത്രമായിരുന്നില്ല, ആത്മധൈര്യമുള്ള ഒരു രാഷ്ട്രീയ നേതാവിന്റേത് കൂടിയായിരുന്നു. ഈ മുഷ്ടി ചുരുട്ടാൻ പഠിപ്പിച്ചത് ഞാനാണെങ്കിൽ അതിനിയും ഉയർന്നു പൊങ്ങുമെന്ന സുഹ്റയുടെ വാക്കുകൾ തികഞ്ഞ കണിശക്കാരിയായ ഒരു രാഷ്ട്രീയ ഗുരുവിന്റേത് കൂടിയായിരുന്നു.
ആ മറുപടി നൽകാനിടയായ സാഹചര്യത്തെക്കുറിച്ച് സുഹ്റ മമ്പാട് മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിച്ചു. ‘പാർട്ടിയുടെ സജീവ പ്രവർത്തകനാണ് മകൻ നിയാസ്. ചങ്ങരംകുളം പൊതുവെ സംഘർഷസാഹചര്യമുള്ള മേഖലയല്ല, എങ്കിലും അടുത്തിടെയായി വളർന്നു വരുന്ന പുതിയ തലമുറയിലെ ആളുകളിൽ നിന്നും ചില ഭീഷണികളൊക്കെ വരുന്നുണ്ട്. ഒന്നും കാര്യമാക്കാറില്ല പൊതുവേ, പക്ഷേ ഇത് എന്റെ പേരു വെച്ചൊക്കെ ഭീഷണിയും കമന്റും വന്നപ്പോള്‍, അത് കേട്ടു നിൽക്കാനാവില്ലല്ലോ, ഫേക്ക് ന്യൂസ് ആണ് എന്നൊക്കെ പറഞ്ഞാലും ആ ഫേക്കിനു പിന്നിലൊരു ആളുണ്ടാകുമല്ലോ. പ്രതികരിച്ചില്ലെങ്കിൽ നമ്മളൊന്നിനും കൊള്ളാത്തവരാകും. അത് അത്രയും ഭീഷണിസ്വരമായതു കൊണ്ടാണ് പ്രതികരിച്ചത്. ഒരു പ്രശ്നങ്ങൾക്കും പോകുന്നവരല്ല ഞങ്ങളാരും. തിരഞ്ഞെടുപ്പു കാലത്തു പോലും സംയമനം വിടാതെ പക്വതയോടെ പെരുമാറാനും പ്രവർത്തിക്കാനുമാണ് സ്വന്തം മക്കളോടും പാർട്ടി പ്രവർത്തകരോടും പറയുന്നത്. അങ്ങനെ പഠിപ്പിച്ചാണ് അവരെ പുറത്തേക്ക് വിടുന്നത്. എത്ര ഭീഷണികൾ കണ്ടതാണ്, ഇതിലൊന്നും പേടിക്കില്ല.’ സുഹ്റയുടെ ഉറച്ച വാക്കുകൾ.
ഒരുപാട് റോൾമോഡലുകളിൽ ഒരാളാണ് തനിയ്ക്ക് ഉമ്മയെന്ന് നിയാസ്. എല്ലായ്പോഴും അഭിമാനമാണ് ഉമ്മ . കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിൽ ഒരു അഴിമതി ആരോപണം ഉയർന്നു വന്നു. അതിനെതിരെ പ്രതിഷേധിച്ചു..അതിന്റെ പേരിൽ അവനെ കിട്ടിയാൽ പൂട്ടും എന്നൊക്കെ പലരും പറഞ്ഞതായി സുഹൃത്തുക്കൾ വഴി അറിഞ്ഞു. തന്റെ ഫോട്ടോയ്ക്കു താഴെ വന്ന കമന്റിനു ഫെയ്സ്ബുക്കില്‍ സജീവയായ ഉമ്മ മറുപടി പറയുമെന്ന് പ്രതീക്ഷിച്ചില്ല. താൻ ഓഫീസിലിരിക്കുന്ന സമയത്താണ് നിരന്തരം സുഹൃത്തുക്കളും നാട്ടുകാരും പുറത്തു നിന്നുള്ളവരും വിളിക്കുന്നത്. സംഭവമറിയാതെ ഫോണെടുത്ത നിയാസ് ആ കോളുകളിലൂടെയാണ് ഉമ്മയുടെ പോസ്റ്റിനെക്കുറിച്ചറിയുന്നത്. നിയാസ് പേടിക്കേണ്ട, ഞങ്ങളെല്ലാവരുമുണ്ട് എന്നൊക്കെ പറഞ്ഞ് വിളിച്ചവരെല്ലാം പിന്തുണ അറിയിച്ചു. ഉടനെ എഫ്ബി തുറന്ന് കമന്റും ഉമ്മയുടെ മറുപടിയും വായിച്ചു, ആദ്യം ചിരിച്ചു, പിന്നെ ഉടനെ ഉമ്മയെ വിളിച്ച് നിങ്ങളെന്തു പണിയാ ഉമ്മാ കാണിച്ചത്, ചങ്ങരംകുളത്ത് മാത്രം ഒതുങ്ങി നിൽക്കുമായിരുന്ന പ്രശ്നം കേരളം ഒന്നടങ്കം അറിഞ്ഞു. വല്ലാത്ത പണിയായിപ്പോയി എന്നൊക്കെ പറഞ്ഞു. കാര്യങ്ങൾ ലളിതമായി പറഞ്ഞെങ്കിലും ഒരു ഭീഷണിയിലും പേടിയില്ലെന്ന ഉറച്ച ഭാവം നിയാസിന്റെ വാക്കുകളിലും.