boothwb

പിറവം മണ്ഡലത്തിലെ പാമ്പാക്കുടയിലെ ബൂത്തിലെ വനിതാ പോളിങ് ഓഫിസറുടെ അനുഭവത്തിൽ നിന്നാണീ വാർത്ത.  95 വയസുള്ള അമ്മൂമ്മ വോട്ട് ചെയ്യാനെത്തി.ചട്ടയും മുണ്ടുമാണ് വേഷം. കൈയിൽ വടിയുണ്ട്. മാസ്ക് വച്ചിട്ടില്ല.മാസ്ക് നീട്ടി. വടി കൊണ്ട് ഒരേറായിരുന്നു പ്രതികരണം. മാസ്കും വേണ്ട, സാനിറ്റൈസറും വേണ്ട. പേരു വിളിച്ചു: മറിയാമ്മ. അമ്മൂമ്മയ്ക്കു സന്തോഷം. പ്രിസൈഡിങ് ഓഫീസറെ നോക്കി ഉടൻ വന്നു പ്രതികരണം: മിടുക്കി, എല്ലാരുടേം പേരു പഠിച്ചു വച്ചിരിക്കുകയാണല്ലേ. ബൂത്തിൽ കൂട്ടച്ചിരി. 

ഒപ്പിടാൻ പറഞ്ഞപ്പോൾ, പോളിങ് ഓഫിസറായ വിഷ്ണുവിനോടു തന്നെ ഒരു കുരിശു വരയ്ക്കാനായിരുന്നു നിർദേശം. പറ്റില്ല, അമ്മൂമ്മ തന്നെ ചെയ്യണമെന്നു വിഷ്ണു. നിനക്കെന്താടാ ഇത്ര നിർബന്ധമെന്നായിരുന്നു അമ്മൂമ്മയുടെ ചോദ്യം. ‘ഇവരൊക്കെ വലിയ സാറന്മാരാണ്, ഇങ്ങനെയൊന്നും പറയരുതെന്നു’ പോളിങ് ഏജന്റിന്റെ ഉപദേശം കേട്ടതോടെ അമ്മൂമ്മ തന്നെ രേഖയിൽ കുരിശു വരച്ചു. മഷി ഇട്ടു. വോട്ടിങ് യന്ത്രം കണ്ടപ്പോൾ ഇതിലൊന്നും ഞാൻ ചെയ്യില്ലെന്നായി അമ്മൂമ്മ. 

വോട്ട് ചെയ്യിക്കാൻ പ്രിസൈഡിങ് ഓഫിസറുടെ അനുനയ വാക്കുകൾ. ‘നീ പറഞ്ഞാൽ ഞാൻ കേൾക്കില്ലെന്ന്’ അമ്മൂമ്മ. പ്രിസൈഡിങ് ഓഫിസർ നിസ്സഹായനായി. അവസാനം വനിതാ പോളിങ് ഓഫീസർ എഴുന്നേറ്റ് അമ്മൂമ്മയുടെ കൈ പിടിച്ചു. ഇവളു പറഞ്ഞാൽ ഞാൻ കേൾക്കും എന്ന് അമ്മൂമ്മ. അങ്ങനെ അമ്മൂമ്മയെ ബാലറ്റ് പെട്ടിക്കു മുൻപിൽ നിർത്തി. ചെയ്യേണ്ട വിധം പറഞ്ഞു കൊടുത്തു. കുറേ നേരം കഴിഞ്ഞ് കുത്തി. ശബ്ദം കേട്ടപ്പോൾ അമ്മൂമ്മയുടെ കമന്റ്: കുത്തു കൊണ്ടവൻ കരഞ്ഞതാണ്. 

വോട്ടു ചെയ്തു കഴിഞ്ഞിട്ടും അമ്മൂമ്മ പുറത്തേക്കിറങ്ങുന്നില്ല. എൻസിസിക്കാരനാണു സുരക്ഷാ ഡ്യൂട്ടിയിൽ. അവനെയൊന്നും അമ്മൂമ്മ അടുപ്പിക്കുന്നില്ല. അമ്മൂമ്മ കയ്യിലിരുന്ന വടി പ്രിസൈഡിങ് ഓഫിസറുടെ നേരെ ഓങ്ങി. ഒടുവിൽ, പ്രിസൈഡിങ് ഓഫീസർക്കൊരു റ്റാറ്റയും തന്ന്, വടി കുത്തി അമ്മൂമ്മ പുറത്തേക്ക്.  തിരഞ്ഞെടുപ്പ് ദിനത്തിലെ പാമ്പാക്കുടയിലെ താരമായിരുന്നു അമ്മൂമ്മ.