രമ്യ ഹരിദാസിനെതിരെ ആലത്തൂരില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ പുതിയ ന്യായീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. വര്‍ഗീയവാദികളുടെ മുന്നില്‍ കോണ്‍ഗ്രസുകാര്‍ തലകുനിച്ചുനില്‍ക്കുന്നത് കണ്ടുള്ള ധാര്‍മികരോഷമാണ് താന്‍ പ്രകടിപ്പിച്ചതെന്നാണ് പുതിയ വാദം. ഏതെങ്കിലും അക്രമം പൊലീസിനുനേരെ നടത്തിയപ്പോഴല്ലാതെ പൊലീസ് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തിയിട്ടില്ലെന്നും വിജയരാഘവന്‍ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.
തന്റെ ആലത്തൂര്‍ പ്രസംഗം യുഡിഎഫ് സ്ഥാനാര്‍ഥിയെ പറ്റിയല്ല എന്നു പറഞ്ഞാണ് എ.വിജയരാഘവന്‍ വിശദീകരണം തുടങ്ങിയത്.
പൊലീസ് ലാത്തി ചാര്‍ജ് ഏറ്റവും കുറച്ചുണ്ടായ കാലമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു. എന്തെങ്കിലും അക്രമങ്ങള്‍ പൊലീസിനുനേരെ നടത്തിയപ്പോഴല്ലാതെ ജനകീയസമരങ്ങളെ അടിച്ചമര്‍ത്തിയിട്ടില്ല. ഉപതിരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്നം ചര്‍ച്ചയാകുമോ എന്ന ചോദ്യത്തിന് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് സാധാരണ ചര്‍ച്ച ചെയ്യുന്നതെന്നും ഒറ്റപ്പെട്ട ഒരു വിഷയം മാത്രം ചര്‍ച്ച ചെയ്യുന്ന വേളയല്ലെന്നും അദ്ദേഹം പറഞ്ഞു. പി.ജെ.ജോസഫ് ഇടതുമുന്നണിയിലേക്ക് വരുന്നത് സാധാരണഗതിയില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണ്. പിന്നില്‍ നിന്ന് കുത്തുന്നതുപോലെയാണ് മാധ്യമങ്ങള്‍ ചിലപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും എ.വിജയരാഘവന്‍ പറഞ്ഞു.