പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തിൽ നിർണായക സ്ഥാനമാണ് മെരിസ്റ്റിക്ക ചതുപ്പുകള്‍ക്കുള്ളത്. ലിവിങ് ഫോസില്‍ എന്നറിയപ്പെടുന്ന, ദിനോസറുകളേക്കാള്‍ പ്രായമുണ്ടെന്ന് കരുതപ്പെടുന്ന ഒരു ജലലോകം. മനുഷ്യ സ്പര്‍ശമേല്‍ക്കാതെ അവ സംരക്ഷിക്കപ്പെടുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിതാന്ത ജാഗ്രത കൊണ്ടാണ്. തിരുവനന്തപുരം ശാസ്താംനടയിലെ അഞ്ച് ഹെക്ടര്‍ വിസ്തൃതിയുള്ള മെരിസ്റ്റിക്ക ചതുപ്പ് നിലം അതിന്‍റെ ഉത്തമ ഉദാഹരണമാണ്.
കാടിനുള്ളിലെ ഈ ജലലോകം പ്രകൃതിയുടെ വിസ്മയം മാത്രമല്ല, അപൂർവമായൊരു ആവാസവ്യവസ്ഥ കൂടിയാണ്. വേരുകൾ മണ്ണിനുമുകളിൽ ഉയർന്നുനിൽക്കുന്ന മരങ്ങൾ വർഷം മുഴുവൻ ഈർപ്പം നിലനിൽക്കുന്ന ചതുപ്പുനിലം… ഒട്ടേറെ ജീവജാലങ്ങളുടെ അഭയകേന്ദ്രം.
ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനും മണ്ണിലെ ഈർപ്പത്തിനും വനത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും ഇത്തരം ചതുപ്പുകൾ വലിയ പ്രാധാന്യം വഹിക്കുന്നു. ഇത്തരം ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിൽ നിർണായകമാണ് വനംവകുപ്പിന്റെ പങ്ക്. ചതുപ്പുകളുടെ സ്വാഭാവിക ഘടനയും നീരൊഴുക്കും നിലനിർത്തുക, ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന ഇടപെടലുകൾ തടയുക, ജൈവവൈവിധ്യത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കുക, ശാസ്ത്രീയമായ സംരക്ഷണത്തിന് ഇവയെല്ലാം ശാംസ്താംനടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നുണ്ട്. ശാസ്താംനടയിലെ ഈ അപൂർവ ജലവനത്തെ സംരക്ഷിക്കുന്നതിലൂടെ ഒരു കൂട്ടം മരങ്ങളെ മാത്രമല്ല, ഒരു ആവാസവ്യവസ്ഥയെയും അതിനെ ആശ്രയിക്കുന്ന ജീവജാലങ്ങളെയും കൂടിയാണ് സംരക്ഷിക്കുന്നത്.