ഒരു ആശയത്തെ വരുമാനമാർഗമാക്കി മാറ്റുക. അതിന് വേണ്ടത് അധ്വാനിക്കാൻ തയാറുള്ള മനസും മൂലധനവുമാണ്. ഇടുക്കി തൊടുപുഴ സ്വദേശി ഷൈലജ നൗഷാദിന്റെ ആശയത്തിന് കുടുംബശ്രീയും കൈകൊടുത്തതോടെ പിറന്നത് വിജയത്തിന്റെ പുതിയ ചരിത്രം. ലക്ഷങ്ങൾ ലാഭം നേടുന്ന ഷൈലജയുടെയും സംഘത്തിന്റെയും ബീമാസ് പത്തിരിയെന്ന സ്ഥാപനം. 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് തൊടുപുഴ സ്വദേശി ഷൈലജ ഭർത്താവിനെ സഹായിക്കാൻ പത്തിരി കച്ചവടം തുടങ്ങിയത്. വീട്ടിൽ ഉണ്ടാക്കി പുറത്തുവിയ്ക്കുകയായിരുന്നു രീതി. എന്നാൽ, പ്രതിസന്ധി രൂക്ഷമായതോടെ പിന്നീട് കച്ചവടം നിർത്തി. കോവിഡ് കാലത്ത് മറ്റ് തൊഴിൽ ഒന്നും ഇല്ലാതെ വന്നതോടെയാണ് വീണ്ടും പത്തിരി കച്ചവടം എന്ന ആശയം മനസിൽ മുളച്ചത്. കൂട്ടിന് കുടുംബശ്രീയും വന്നതോടെ 2024 ൽ ബീമാസ് പത്തിരി യെന്ന സ്ഥാപനത്തിന് തുടക്കം. പതിയെ പതിയെ കച്ചവടം കൂടി വന്നു. മൊത്തവിലക്ക് ഹോട്ടലുകൾക്കും കല്യാണ പാർട്ടികൾക്കുമാണ് പത്തിരി വിൽക്കുന്നത്. മൂന്ന് വർഷങ്ങൾക്കിപ്പുറം 17 ലക്ഷം രൂപ വാർഷിക വരുമാനമായി സമ്പാദിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഷൈലജയും സംഘവും.

ആദ്യം പത്തിരിയിൽ തുടങ്ങിയെങ്കിലും ചപ്പാത്തിയും, ഇടിയപ്പവുമൊക്കെ പിന്നീട് മെനുവിൽ ഇടം പിടിച്ചു. നോമ്പ് കാലത്ത് കൂടുതൽ പേർ ജോലിക്കായി സ്ഥാപനത്തിലെത്തും. ഘട്ടം ഘട്ടമായി കുടുംബശ്രീ നൽകിയ സഹായമാണ് ബീമാസ് പത്തിരിക്ക് മുന്നോട്ടു കുതിക്കാനുള്ള ഊർജ്ജം. കൂടുതൽ പത്തിരി വിൽക്കാൻ പുതിയ അടുക്കളയടക്കം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ഷൈലജയും സംഘവും.

ENGLISH SUMMARY:

Beemas Pathiri success story highlights how Thodupuzha entrepreneur Shylaja Noushad built a profitable venture with Kudumbashree support. This inspiring journey proves how dedication and the right business idea can transform a small home-based initiative into a thriving enterprise.