സംസ്ഥാനത്ത് പുരുഷന്മാരിൽ ഏഴിൽ ഒരാൾക്കും സ്ത്രീകളിൽ ഒൻപതിൽ ഒരാൾക്കും അർബുദ സാധ്യതയെന്ന് സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ട്. ആരോഗ്യ വകുപ്പ് ഒരു കോടി ജനങ്ങളെ കാൻസർ സ്ക്രീനിങ് നടത്തിയതിൽ രണ്ടു ലക്ഷത്തിലേറെ പേർക്ക് രോഗ സാധ്യതയെന്നും കണ്ടെത്തി. പുരുഷന്മാരിൽ ശ്വാസ കോശ അർബുദവും സ്ത്രീകളിൽ സ്തനാർബുദമുമാണ് പിടി മുറുക്കുന്നത്.
കേരളത്തിലെ പ്രധാന പൊതുജനാരോഗ്യ ആശങ്കയായി അർബുദം മാറുന്നുവെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിലെ വിലയിരുത്തൽ.പ്രതിവർഷം 66000 പുതിയ അർബുദ ബാധിതർ. പൂജ്യം മുതൽ 74 വയസു വരെ പ്രായപരിധിയിൽ അർബുദ സാധ്യത പുരുഷന്മാരിൽ ഏഴിൽ ഒരാൾക്കായി ഉയർന്നിരിക്കുന്നു. സ്ത്രീകളിൽ ഒൻപതിൽ ഒരാൾ രോഗബാധിതയായേക്കാമെന്ന് കണക്കുകള്‍. മലബാർ കാൻസർ സെൻ്ററിൽ ചികിൽസ തേടിയവരിലെ 10 വർഷത്തെ ട്രെൻഡ് അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. പുരുഷന്മാരെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശ അർബുദം. വായ, ആമാശയം , നാവ് , ശ്വാസനാളം എന്നിവയെ ബാധിക്കുന്ന അർബുദമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ - .സ്ത്രീകളിൽ സ്തനാർബുദം ഒന്നാമത്. ഗർഭാശയ ഗള കാൻസറും അണ്ഡാശയ കാൻസറും തൊട്ടു പിന്നിൽ. 50. 9% രോഗബാധിതർ അതായത് പകുതിയിൽ അധികം പേർ രോഗം തിരിച്ചറിഞ്ഞത് മുന്നോ നാലോ ഘട്ടമെത്തിയപ്പോൾ എന്നതാണ് റിപ്പോർട്ടിലെ ഏറ്റവും ഗൗരവമർഹിക്കുന്ന ഭാഗം . ഇവിടെയാണ് സർക്കാരിൻ്റെ കാൻസർ സ്ക്രീനിങ് പ്രതീക്ഷ പകരുന്നത്. ഒരു കോടി ആളുകളെ പരിശോധിച്ചതിൽ രോഗ സാധ്യത കണ്ടെത്തിയ 2, 03 , 506 പേരോട് തുടർ പരിശോധനകൾ നിർദേശിച്ചു.
ഇത്രയധികം പേർക്ക് രോഗ സാധ്യത കണ്ടെത്താനായത് അർബുദത്തെ അതിജീവിക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ്. പക്ഷേ ഭൂരിപക്ഷം പേരും തുടർ ചികിൽസ തേടിയിട്ടില്ല. ഇവർ എത്രയും വേഗം തുടർ പരിശോധനയും ആവശ്യമായ ചികിത്സയും തേടുകയാണ് മഹാരോഗത്തിനെതിരായുള്ള നമ്മുടെ പോരാട്ടത്തിൽ ഏറ്റവും നിർണായകം.