newborn-baby
  • 'അയാള്‍ ശരിക്കുമുള്ള വോട്ടറായിരുന്നുവെങ്കില്‍ പേര് വെട്ടുകയില്ലല്ലോ. വേണമെങ്കില്‍ ട്രൈബ്യൂണലിനെ സമീപിക്കട്ടെ. സ്ഥിര താമസക്കാരനാണെങ്കില്‍ പിന്നെ പേടിക്കാനില്ലല്ലോ. രേഖകളെല്ലാം നിയമം അനുസരിച്ചേ നല്‍കാന്‍ പറ്റൂ'

സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ യുവാവിന്റെ പേര്  നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ ജനിച്ച മകള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നിഷേധിച്ചുവെന്ന് പരാതി. ബംഗാളിലെ കൂച്ച് ബിഹാറിലാണ് സംഭവം. അധികൃതര്‍ക്കെതിരെ അബ്ദുല്‍ ഹബീബ് പരാതി നല്‍കി. എസ്ഐആറിന് മുന്‍പ് വരെ വോട്ടര്‍ പട്ടികയില്‍ തന്‍റെ പേരുണ്ടായിരുന്നുവെന്നും ഇപ്പോള്‍ പേരില്ലാത്തതിനാല്‍ റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നല്‍കുന്നില്ലെന്നും അതുണ്ടെങ്കില്‍ മാത്രമേ മകളുടെ ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നും യുവാവ് പറയുന്നു. 

സെപ്റ്റംബര്‍ എട്ടിന് ദിനട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് അബുദല്‍ ഹബീബിന്‍റെ ഭാര്യ ആമിന ഖതൂന്‍ മകള്‍ക്ക് ജന്‍മം നല്‍കിയത്. രണ്ട് മാസം കഴിഞ്ഞിട്ടും ജനന സര്‍ട്ടിഫിക്കറ്റ് പക്ഷേ അധികൃതര്‍ നല്‍കിയിട്ടില്ല. പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ എംഎല്‍എയെ കാണാനായിരുന്നു മറുപടി. എംഎല്‍എയെ കണ്ടിട്ടും സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും നടപടിയായില്ല.

വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയതില്‍ അബ്ദുല്‍ ട്രൈബ്യൂണലിനെ സമീപിക്കണമെന്നായിരുന്നും ബിജെപി നേതാക്കളുടെ പ്രതികരണം. 'അയാള്‍ ശരിക്കുമുള്ള വോട്ടറായിരുന്നുവെങ്കില്‍ പേര് വെട്ടുകയില്ലല്ലോ. വേണമെങ്കില്‍ ട്രൈബ്യൂണലിനെ സമീപിക്കട്ടെ. സ്ഥിര താമസക്കാരനാണെങ്കില്‍ പിന്നെ പേടിക്കാനില്ലല്ലോ. രേഖകളെല്ലാം നിയമം അനുസരിച്ചേ നല്‍കാന്‍ പറ്റൂ'- ബിജെപിയുടെ കൂച്ച് ബിഹാര്‍ പ്രസിഡന്‍റ് അഭിജിത് ബര്‍മാന്‍ പറഞ്ഞു. 

അതേസമയം, പ്രാദേശിക മുസ്​‌ലിം വിഭാഗമായ രാജ്ബന്‍ഷി വിഭാഗക്കാരനാണ് അബ്ദുല്‍ ഹബീബെന്നും ഇവരെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. 'ഇത് ഗൗരവതരമായ പ്രശ്നമാണ്. നവജാത ശിശുക്കളുടെ കാര്യത്തില്‍ ഇത്തരം പ്രതിസന്ധി സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട ്ചെയ്തിട്ടുണ്ട്. സംസ്ഥാന– കേന്ദ്ര സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം. പൗരന്‍മാരെ വലയ്ക്കുകയല്ല വേണ്ടത്'- എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കുനാല്‍ ഘോഷ് പ്രതികരിച്ചു.

ENGLISH SUMMARY:

A newborn girl in Cooch Behar, West Bengal, has allegedly been denied a birth certificate because her father's name was removed from the electoral roll during the Special Intensive Revision (SIR). Abdul Habib says he cannot obtain a residency certificate without his name appearing on the voter list, which is required to apply for his daughter's birth certificate. Despite approaching local authorities, the panchayat and the local MLA, he has been unable to resolve the issue, even two months after his daughter was born. The incident has triggered political reactions, with the BJP asking him to approach a tribunal, while the Congress and Trinamool Congress have raised concerns over the difficulties faced by affected families.