പ്രതീകാത്മക ചിത്രം
ഡല്‍ഹിയില്‍ വീണ്ടും നിരോധിത ചൈനീസ് മാഞ്ച കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. ബാരാമുള്ളയ്ക്കു സമീപം ഡല്‍ഹി മുംബൈ എക്സ്പ്രസ് പാതയിലാണ് അപകടമുണ്ടായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 26കാരനായ വികാസ് സിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
Also Read: രാത്രി വീട്ടില്‍ കയറിവന്ന് ലൈംഗികബന്ധം ആവശ്യപ്പെട്ടു, നിരസിച്ച 45കാരിയെ കൊലപ്പെടുത്തി ഭര്‍തൃസഹോദരന്‍
യാത്രക്കിടെ മാഞ്ച കഴുത്തില്‍ കുരുങ്ങി ആഴത്തിലുള്ള മുറിവേറ്റ വികാസിന്റെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. കഴുത്തിനേറ്റ ഗുരുതര പരുക്കിനെത്തുടര്‍ന്ന് വികാസ് അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചുവെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.
പട്ടം പറത്താന്‍ ഉപയോഗിക്കുന്ന നിരോധിത ചൈനീസ് നൂല്‍ എങ്ങനെ റോഡിലെത്തിയെന്ന സംശയമാണ് ഉയരുന്നത്. രണ്ടുവര്‍ഷം മുന്‍പ് വിവാഹിതനായ വികാസിന് മൂന്നുമാസം പ്രായമായ ഒരു കുഞ്ഞുമുണ്ട്. വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ തനിക്ക് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മരുമകനെയാണ് കാണാനായതെന്ന് ഭാര്യാ പിതാവ് ഉമേഷ് സോണി പറയുന്നു.
ഡല്‍ഹിയില്‍ ഇതിനുമുന്‍പും ചൈനീസ് മാഞ്ചയുള്‍പ്പെടെയുള്ള പട്ടംനൂലുകള്‍ കുരുങ്ങി നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ വില്‍പനയും വിതരണവും നിരോധിച്ചിട്ടും അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ കനത്ത ആശങ്കയിലാണ് ഡല്‍ഹി വാസികള്‍. 2023ല്‍ ഏഴുവയസുകാരിയും 2024ല്‍ പൊലീസുകാരനും വ്യാപാരിയുമുള്‍പ്പെടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. 2025ല്‍ 22കാരനായ യാഷ് ഗോസ്വാമിയും ഈ വര്‍ഷം ഉസ്മാന്‍പൂര്‍ സ്വദേശിയായ അഞ്ചുവയസുകാരനും ചൈനീസ് മാഞ്ച കഴുത്തില്‍ കുരുങ്ങി കൊല്ലപ്പെട്ടിരുന്നു.