Credits- doc_shrutuja
എട്ട് തവണ ഗർഭം അലസിയിട്ടും വീണ്ടും ഗർഭിണിയാകാൻ ഭർത്താവിന്റെ നിർബന്ധപ്രകാരം ആശുപത്രിയിലെത്തിയ 25കാരിയുടെ വിഡിയോ വൈറലാകുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയോട് നാലാമതൊരു കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവറായ ഭർത്താവാണ് ഡോക്ടറുടെ അടുത്തേക്ക് അയച്ചത്.
യുവതിയോട് ഇത് ഒൻപതാമത്തെ ഗർഭധാരണശ്രമമാണോ എന്ന് ഡോക്ടർ ചോദിക്കുന്നുണ്ട്. എട്ട് തവണ ഗർഭം അലസിയിട്ടും വീണ്ടും ഗർഭിണിയാകാൻ ശ്രമിക്കുന്നതെന്തിനെന്ന ചോദ്യത്തിന്, ഇപ്പോഴുള്ള കുട്ടികൾ വളർന്നെന്നും തനിക്ക് വീണ്ടും ഒരു കുഞ്ഞിനെ വേണമെന്നും ഭർത്താവ് ആവശ്യപ്പെട്ടെന്നാണ് യുവതി മറുപടി നൽകുന്നത്.
ഇതോടെ സ്വന്തം ആരോഗ്യത്തെക്കുറിച്ച് യാതൊരു ബോധവുമില്ലേയെന്ന് ഡോക്ടർ ചോദിക്കുന്നു. തുടർച്ചയായ ഗർഭമലസിയതോടെ യുവതി വിഷാദവും മാനസിക സമ്മർദവും അനുഭവിച്ചിരുന്നതായും വിഡിയോയിൽ വ്യക്തമാകുന്നുണ്ട്. യുവതിയുടെ പ്രായം ചോദിച്ചപ്പോൾ ആദ്യം അറിയില്ലെന്നായിരുന്നു മറുപടി. വീണ്ടും ചോദിച്ചതോടെ തനിക്ക് 25 വയസാണെന്ന് യുവതി വെളിപ്പെടുത്തി. ആൺകുട്ടികളില്ലാത്തതുകൊണ്ടാണോ വീണ്ടും ഗർഭിണിയാകാൻ ശ്രമിക്കുന്നതെന്നും ഡോക്ടർ ചോദിക്കുന്നുണ്ട്. എന്നാൽ, കുട്ടികൾ വളർന്നെന്നും തനിക്ക് വീണ്ടും ഒരു കുഞ്ഞിനെ വേണമെന്നും ഭർത്താവ് പറഞ്ഞതായാണ് യുവതി ആവർത്തിക്കുന്നത്.
തുടർന്ന് ഭർത്താവിനെ കൂടെക്കൂട്ടി വരാൻ ഡോക്ടർ നിർദേശിച്ചു. ഭർത്താവിനെ നേരിൽ കാണാതെ ചികിത്സയുമായി മുന്നോട്ടുപോകാനാകില്ലെന്നും വ്യക്തമാക്കി.
ആൺകുട്ടിക്കുവേണ്ടി ദമ്പതിമാര് വീണ്ടും വീണ്ടും ഗർഭധാരണത്തിന് ശ്രമിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ, ഈ യുവതിക്ക് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമടക്കം മൂന്ന് കുട്ടികളുണ്ട്. ആവർത്തിച്ചുള്ള ഗർഭമലസൽ സ്ത്രീയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം.