ഐവി ബാഗുകളില്‍ മാരകരോഗങ്ങള്‍ക്കുള്ള മരുന്ന് കുത്തിവച്ച് സഹപ്രവര്‍ത്തകനായ രോഗിയായ കൊല്ലുകയും ഒട്ടേറെ രോഗികളെ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്ത ഡോക്ടര്‍ക്ക് 190 വര്‍ഷം തടവുശിക്ഷ. റെയ്നാള്‍ഡോ റിവേറ ഓര്‍ട്ടീസ് ജൂനിയര്‍ (60) എന്ന അനസ്തീസിയോളജിസ്റ്റിനാണ് യുഎസ് ഡല്ലാസ് ജില്ലാകോടതി ശിക്ഷ വിധിച്ചത്. 2024ല്‍ വിധിച്ച ശിക്ഷയ്ക്കെതിരെ അപ്പീല്‍ റെയ്നാള്‍ഡോ ഈയടുത്ത് അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
2022 ലാണ് കേസിനാസ്പദമായ സംഭവം. തന്റെ ആശുപത്രിയിലെ ഐവി ബാഗുകളില്‍ റെയ്നാള്‍ഡോ ബുപിവാകെയ്ന്‍, എപിനെഫ്രിൻ, ലിഡോകെയ്ന്‍ എന്നീ മരുന്നുകള്‍ കുത്തിവയ്ക്കുകയായിരുന്നു. ഈ മരുന്നുകള്‍ നേരിട്ട് ഞരമ്പുകളില്‍ പ്രവേശിച്ചാല്‍ ഗുരുതരമായ വിഷബാധയുണ്ടാകുകയും പെട്ടെന്ന് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യും. എപിനെഫ്രിൻ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും അപകടകരമാംവിധം കുത്തനെ ഉയർത്തുമ്പോൾ, അനസ്തേഷ്യ മരുന്നുകളായ ബുപിവാകെയ്നും ലിഡോകെയ്നും തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനത്തെ സ്തംഭിപ്പിച്ച് അപസ്മാരത്തിനും (Seizures) ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നതിനും കാരണമാകുന്നു.
പിന്നാലെ ഈ ബാഗുകള്‍ ഉപയോഗിച്ച രോഗികള്‍ക്ക് പക്ഷാഘാതവും ഹൃദയാഘാതവുമുണ്ടാവുകയായിരുന്നു. കൃത്യസമയ്ത്ത് ചികില്‍സ ലഭിച്ചതുകൊണ്ട് ഇവരുടെ ജീവന് രക്ഷിക്കാനായി. എന്നാല്‍ കൂട്ടത്തിലൊരു ഐവി ബാഗ് ആശുപത്രിയിലെ മറ്റൊരു അനസ്തീസിയോളജിസ്റ്റായ ഡോ. മെലനി കാസ്പര്‍ സ്വയചികില്സയ്ക്കായി വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇതുപയോഗിച്ചതിനെ തുടര്‍ന്ന് പക്ഷാഘാതമുണ്ടാവുകയും തുടര്‍ന്ന് മരണമടയുകയുമായിരുന്നു.
ഒന്നിച്ച് രോഗികള്‍ക്ക് ഒരേ അവസ്ഥ വന്നതിന് പിന്നാലെ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നുകയും അന്വേഷണം നടത്തുകയുമായിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങളില്‍ ഡോ.റേയ്നാള്ഡോ മരുന്ന് കുത്തിവയ്ക്കുന്നത് കണ്ടെത്തി. തന്റെ മറ്റൊരു പിഴവ് മറയ്ക്കാനായിരുന്നു ഡോക്ടറുടെ ശ്രമം. 2024ല്‍ കേസില്‍ വാദം പൂര്‍ത്തീകരിച്ചു . കൊലക്കുറ്റത്തിനും മരുന്നില്‍ മാറ്റം വരുത്തിയതിനും രോഗികളുടെ ജീവന് അപായത്തിലാക്കിയതിനും കോടതി റെയ്നാള്ഡോയ്ക്ക് ശിക്ഷ വിധിക്കുകയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ തന്റെ ശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റെയ്നാള്‍ഡോ കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഈയടുത്ത് നടന്ന വാദത്തില്‍ റെയ്നാള്ഡോയ്ക്കെതിരെ ഗുരുതരമായ തെളിവുകളുള്ളതിനാല്‍ 190 വര്‍ഷത്തെ തടവുശിക്ഷ ഇയാള്‍ അനുഭവിച്ചേ പറ്റു എന്ന് കോടതി വിധിക്കുകയായിരുന്നു.